ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പൊലീസ് സ്ഥിരീകരിച്ചു. 27 വർഷം മുമ്പ് തൊഴിൽ തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇയാൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും ഉണ്ട്. 1998 നവംബറിൽ ഇന്ത്യ വിട്ട സാജിദ് അക്രം ഹൈദരാബാദിൽ ബി.കോം. പൂർത്തിയാക്കിയ വ്യക്തിയാണ്. ഇയാളുടെ മകൻ നവീദ് അക്രവും ആക്രമണത്തിൽ പങ്കെടുത്തു.
സാജിദ് അക്രമിന് 1998-ൽ രാജ്യം വിടുന്നതിനു മുമ്പ് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന ഡി.ജി.പി. ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. പിതാവും മകനും തീവ്രവാദത്തിലേക്ക് തിരിയാൻ കാരണം ഇന്ത്യയിലെ പ്രാദേശിക സ്വാധീനങ്ങളോ തെലങ്കാനയുമായി ബന്ധമുള്ള ഘടകങ്ങളോ അല്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ഹനൂക്ക ആഘോഷത്തിൽ പങ്കെടുത്ത യഹൂദ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ അഹ്മദ് അൽ അഹ്മദിനെ ഓസ്‌ട്രേലിയയുടെ ഹീറോ എന്നാണ് പ്രധാനമന്ത്രി ആന്റണി അൽബനീസ് വിശേഷിപ്പിച്ചത്. ആക്രമണത്തിൽ ധീരമായി ചെറുത്തുനിന്ന ഒരു യുവാവ് സാജിദ് അക്രമിനെ സംഭവസ്ഥലത്ത് വെച്ച് കീഴ്പ്പെടുത്തി വധിച്ചിരുന്നു. മകൻ നവീദ് അക്രം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഭീകരർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഓസ്‌ട്രേലിയക്കാർ പരസ്പരം ചേർന്നുനിൽക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.













