ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഇന്ത്യക്കാർക്കുള്ള വിസ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ” കാരണമാണ് ഈ തീരുമാനമെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു. ന്യൂഡൽഹിക്ക് പുറമെ അഗർത്തല, സിലിഗുരി എന്നിവിടങ്ങളിലെ ബംഗ്ലാദേശ് മിഷനുകളും വിസ വിതരണം താൽക്കാലികമായി നിർത്തിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിന് നേരെയുണ്ടായ അക്രമങ്ങളെത്തുടർന്ന് ഇന്ത്യ അവിടുത്തെ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ പ്രത്യാക്രമണമെന്നോണം ഇന്ത്യയിലെ വിസ സേവനങ്ങളും റദ്ദാക്കിയത്. ബംഗ്ലാദേശിലെ പ്രമുഖ യുവനേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് അവിടെ ശക്തമായ ഇന്ത്യാ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്ന് ഇന്ത്യയുടെ വിവിധ വിസ കേന്ദ്രങ്ങൾ നേരത്തെ തന്നെ അടച്ചിരുന്നു.
മറുവശത്ത്, ബംഗ്ലാദേശിലെ മയ്മൻസിംഗിൽ ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിസ നടപടികൾ നിർത്തലാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് ഇരുവശത്തുമുള്ള യാത്രക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.













