ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്കയിൽ മുന്നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതോടെ എഐസിസി ഇടപെടൽ.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിൽ നിന്ന് അടിയന്തര വിശദീകരണം തേടി.മാലിന്യ സംസ്‌കരണ പ്ലാന്റിനായി നീക്കിവെച്ച സർക്കാർ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്. എങ്കിലും പ്രതിഷേധം ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലായി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 200 ഫ്ലാറ്റുകൾ അടങ്ങിയ സമുച്ചയം നിർമിച്ച് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയെന്ന് ഡി.കെ. ശിവകുമാർ വിശദീകരിക്കുന്നു.
ഡിസംബർ 20-ന് പുലർച്ചെയാണ് യെലഹങ്കയിലെ വസീം ലേ ഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിൽ ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിവാക്കാനെന്ന പേരിൽ പുലർച്ചെ 4:15-ന് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തു. ഭൂരിഭാഗവും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരും ദരിദ്രരുമായ മുന്നൂറോളം കുടുംബങ്ങളാണ് അതിശൈത്യത്തിനിടയിൽ തെരുവിലായത്. മുൻകൂർ നോട്ടീസ് നൽകാതെയും പുനരധിവാസം ഉറപ്പാക്കാതെയുമാണ് നടപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
യുപിയിലെ ബുൾഡോസർ രാജിനെതിരെ ദേശീയതലത്തിൽ പോരാടുന്ന കോൺഗ്രസ്, സ്വന്തം ഭരണമുള്ള സംസ്ഥാനത്ത് സമാനമായ രീതി പിന്തുടരുന്നത് പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ടാക്കി.”ബുൾഡോസർ നീതി അധാർമ്മികവും നിയമവിരുദ്ധവുമാണ്” എന്ന് പി. ചിദംബരം എക്സിൽ (X) കുറിച്ചു. കർണാടക ആഭ്യന്തര മന്ത്രിയുടെ പരാമർശങ്ങളെയും അദ്ദേഹം വിമർശിച്ചു. ഉത്തരേന്ത്യയിലെ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യൻ പതിപ്പാണ് കർണാടകയിൽ കാണുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. കോൺഗ്രസ് എന്ത് മതേതരത്വമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.











