തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയെ പരിഹസിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തിൽ തയ്യാറാക്കിയ പാരഡി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ എന്നിവരുൾപ്പെടെ നാലുപേരെ പ്രതിചേർത്തു.
പരാതി നൽകിയത് തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നാണ് ആരോപണം. എന്നാൽ സമിതി ചെയർമാൻ കെ. ഹരിദാസ് പരാതിയിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിച്ചു. പരാതിക്കാരൻ സംഘടനയിൽനിന്ന് വിട്ടുപോയയാളാണെന്നും സ്വർണക്കൊള്ളയാണ് യഥാർത്ഥ പ്രശ്നമെന്നും ഹരിദാസ് പറഞ്ഞു.
അയ്യപ്പഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്നാണ് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള പ്രതികരിച്ചത്. ഗാനത്തിൽ വിവാദ പരാമർശങ്ങളില്ല. വിവാദം പ്രതീക്ഷിച്ചില്ലെന്നും അഭിഭാഷകരുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളും പ്രവാസികളും പിന്തുണ അറിയിച്ചതായും കുഞ്ഞബ്ദുള്ള പറഞ്ഞു.













