ന്യൂഡല്‍ഹി: ആഴ്ച്ചകളോളം ഇന്ത്യന്‍ വ്യോമഗതാഗതത്തെ താറുമാറാക്കിയ ഇന്‍ഡിഗോ വിമാനകമ്പനിക്കെതിരേ നടപടി ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നുള്ള മുന്‍ പ്രഖ്യാപനമാണ് കേന്ദ്രം നടപ്പാക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ ആഭ്യന്തര സര്‍വീസുകളില്‍ പലതും വെട്ടിച്ചുരുക്കി.
ഡിസംബര്‍ ആദ്യം 2008 സര്‍വീസുകള്‍ ഉണ്ടായിരുന്നത് അവസാനമായപ്പോള്‍
1879 സര്‍വീസുകളായി ചുരുക്കി. ബാംഗളൂരില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിന്നും മാത്രം വെട്ടിക്കുറച്ചത്. ഇന്‍ഡിഗോ പ്രതിസന്ധി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.
Center takes strict action against IndiGo airline: Service cuts have begun













