ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, വിശദീകരണവുമായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ‘സഞ്ചാർ സാഥി’ ആപ്പ് ഉപയോക്താക്കൾ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും, ആവശ്യമെങ്കിൽ അത് ഡിലീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘ചാരവൃത്തി’, ‘ നിരീക്ഷണം’ തുടങ്ങിയ ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്നത് ഓപ്ഷണൽ മാത്രമാണ്. ഇത് ഇൻസ്റ്റാൾ ചെയ്താലും, ഉപയോക്താവ് ആക്ടിവേറ്റ് ചെയ്താൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ആപ്പ് ഡിലീറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും, ഇത് നിർബന്ധമില്ല,” സിന്ധ്യ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സൈബർ തട്ടിപ്പുകൾ തടയാൻ രൂപകൽപ്പന ചെയ്ത ഒരു സുരക്ഷാ ടൂളിലേക്ക് കൂടുതൽ ആളുകൾക്ക് പ്രവേശനം ഉറപ്പാക്കുക മാത്രമാണ് ഈ നിർദ്ദേശത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിന്റെ പ്രവർത്തനക്ഷമത തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യരുതെന്ന് മൊബൈൽ നിർമ്മാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നൽകിയ നിർദ്ദേശത്തിൽ പ്രത്യേകം പറഞ്ഞിരുന്നു. ഈ നിർദ്ദേശമാണ് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചത്. ‘ചാരവൃത്തി ആപ്പ്’ എന്നും ‘പെഗാസസ് പ്ലസ് പ്ലസ്’ എന്നും ഉൾപ്പെടെ പ്രതിപക്ഷം ഈ നീക്കത്തെ വിമർശിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യുക, സ്വന്തം പേരിൽ എത്ര കണക്ഷനുണ്ടെന്ന് പരിശോധിക്കുക തുടങ്ങിയ സൗകര്യങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണ് 2025 ജനുവരിയിൽ പുറത്തിറക്കിയ ‘സഞ്ചാർ സാഥി’.













