തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇനിയും പ്രധാനപ്പെട്ട നിരവധി പേരെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരെക്കാള്‍ പ്രധാനപ്പെട്ട വന്‍തോക്കുകള്‍ ഉണ്ടെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. മുന്‍ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും പത്മകുമാര്‍ ദൈവതുല്യനെന്ന് വിശേഷിപ്പിച്ച ആളും ഉള്‍പ്പെടെയുള്ള വന്‍തോക്കുകള്‍ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഇതിനേക്കാള്‍ വലിയ നേതാക്കള്‍ വന്നു ചേരുമെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. രണ്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ ജയിലില്‍ ആയിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന വാശിയിലാണ് സി.പി.എം. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. ജയിലിലായവരെ ഭയന്നാണ് സി.പി.എം നില്‍ക്കുന്നത്.
കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമോ എന്ന പേടിയിലാണ് സി.പി.എം. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് സി.പി.എം കുടപിടിച്ചു കൊടുക്കുകയാണ് സതീശന്‍ ആരോപിച്ചു
Chief Minister’s office is pressuring Kadakampally not to be questioned in Sabarimala gold theft case until after the elections: Satheesan













