ബംഗളൂരുവിലെ ബുൾഡോസർ രാജ്: കർണാടക സർക്കാരിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ബംഗളൂരുവിലെ ബുൾഡോസർ രാജ്: കർണാടക സർക്കാരിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ‘ബുൾഡോസർ നീതി’ ദക്ഷിണേന്ത്യയിലേക്കും പടരുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിൽ വസീം ലേഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിലെ നാനൂറോളം വീടുകൾ പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സാമൂഹ്യനീതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു നടപടി ഉണ്ടായത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടും ശൈത്യത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ല. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ന്യൂനപക്ഷ വേട്ടയുടെ അതേ മാതൃകയാണ് കർണാടകയിലും നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.3

മാലിന്യ പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുന്നു എന്നാരോപിച്ചായിരുന്നു ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഈ പ്രദേശം ഒഴിപ്പിച്ചത്. എന്നാൽ കാലങ്ങളായി അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ടവർക്ക് പാർപ്പിടം ഉറപ്പാക്കേണ്ടവർ തന്നെ അവരെ ആട്ടിയോടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top