ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ, വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് CML – AROHA ’25 എന്ന കാരുണ്യ പ്രവർത്തനത്തിന് ഭംഗിയായ തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയ ദൈവവചനങ്ങളോടും കുട്ടികളുടെ സ്വതന്ത്രമായ സൃഷ്ടിപരതയോടും കൂടിയ ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ, ദേവാലയത്തിന്റെ ഹോൾവേയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ ഡിസംബർ 7 മുതൽ നിക്ഷേപിച്ചു തുടങ്ങി.
ഈ പദ്ധതിയുടെ ഭാഗമായി, ഡിസംബർ 21-ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ CML കുട്ടികൾ സന്ദർശിച്ച് ക്രിസ്മസ് കരോളുകൾ ആലപിക്കുകയും അവർ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ അവിടുത്തെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. പ്രായാധിക്യം മൂലം ഒറ്റപ്പെടലനുഭവിക്കുന്ന മുതിർന്നവരോടുള്ള സ്നേഹവും കരുതലും കുട്ടികളുടെ മനസ്സിൽ വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് CML – AROHA ’25 വിഭാവനം ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാർഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷൻ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിൻ കാർഡ് കിറ്റുകൾ കുടുംബങ്ങൾ ചേർന്ന് സൃഷ്ടിപരമായതും അർത്ഥവത്തരുമായ രീതിയിൽ തയ്യാറാക്കി AROHA ബോക്സിൽ നിക്ഷേപിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
CML – AROHA ’25 begins at St. Mary’s Catholic Church in Chicago











