തിരുവനന്തപുരം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വർഗീയ ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നുമാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി.കെ. തസ്‌ലീമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
വയനാട് ദുരന്തബാധിതരെ അപമാനിക്കുന്ന തരത്തിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചും അബ്ദുള്ളക്കുട്ടി വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മതപരമായ വേർതിരിവുകൾ സൃഷ്ടിക്കാൻ ഇത്തരം ഉന്നത നേതാക്കളുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ കാരണമാകുന്നുവെന്ന് പരാതിക്കാരൻ ആരോപിച്ചു. ഐടി ആക്ട് പ്രകാരവും വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം.
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഈ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും നിയമോപദേശത്തിന് ശേഷം തുട നടപടികൾ സ്വീകരിക്കുമെന്നുമാണ് സൂചന.













