‘
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരായ ലൈംഗിക പീഡന കേസിൽ പ്രതിരോധത്തിലായതോടെ സി.പി.എമ്മിനെതിരെ പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി കോൺഗ്രസ്. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തി ശബരിമല സ്വർണ്ണക്കടത്ത് വിഷയം കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പുതിയ പ്രതിരോധ നീക്കം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജുകൾ ഈ പ്രചാരണ വാചകം ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ കേസ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ വലിയ ചർച്ചാവിഷയമായി നിൽക്കുന്ന സാഹചര്യത്തിൽ, ശബരിമലയിലെ സ്വർണ്ണക്കടത്ത് വിഷയം ഉയർത്തി ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനും പാർട്ടിക്കുണ്ടായ പ്രതിച്ഛായാ നഷ്ടത്തിൽ നിന്ന് ശ്രദ്ധ മാറ്റാനും സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹോട്ടൽ മുറിയിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കേരളത്തിന് പുറത്തുള്ള 23-കാരിയായ യുവതി നൽകിയ പുതിയ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും. ഈ പരാതി സോണിയാ ഗാന്ധിക്കും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനുമാണ് യുവതി നൽകിയത്. സണ്ണി ജോസഫ് ഈ പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.













