ആരോപണങ്ങൾ മാറി മാറി ഉന്നയിച്ചു, യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം; രാഹുലിന് മുൻകൂർ ജാമ്യം നൽകിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്

ആരോപണങ്ങൾ മാറി മാറി ഉന്നയിച്ചു, യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം; രാഹുലിന് മുൻകൂർ ജാമ്യം നൽകിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി, പരാതിക്കാരിയുടെ മൊഴിയിലും പരാതിയിലും ഗുരുതര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി. സംഭവം നടന്നുവെന്ന് ആരോപിക്കുന്ന തീയതിക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ ആദ്യം കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തതിനെ കോടതി സംശയത്തോടെ വീക്ഷിച്ചു. പരാതി വൈകിയതിന്റെ കാരണമായി “രാഹുലിനെയും സുഹൃത്തുക്കളെയും പേടി”, “കുടുംബത്തിന്റെ സുരക്ഷ”, “വിവാഹപ്രതീക്ഷ” എന്നിങ്ങനെ മാറിമാറി പറഞ്ഞത് ആരോപണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷൻ സമർപ്പിച്ച ചാറ്റ് സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ബലാത്സംഗമെന്ന് ആരോപിക്കുന്ന സംഭവത്തിന് ശേഷവും ഇരുവരും സൗഹൃദപരമായി സംസാരിച്ചതായി വ്യക്തമായി. ഗുരുതര അതിക്രമത്തിന് ഇരയായ ഒരാൾ ഇത്തരത്തിൽ വിവാഹപ്രതീക്ഷയോടെ സന്ദേശങ്ങൾ അയക്കുന്നത് സ്വാഭാവികമല്ലെന്ന് കോടതി ചോദ്യം ചെയ്തു. ചാറ്റുകളിൽ ചില ഭാഗങ്ങൾ മാസ്ക് ചെയ്തതും കോടതിയുടെ വിമർശനത്തിന് കാരണമായി.

ബലാത്സംഗം അതീവ ഗൗരവമുള്ള കുറ്റമാണെങ്കിലും നിലവിലുള്ള തെളിവുകളും മൊഴിയിലെ പൊരുത്തക്കേടുകളും കണക്കിലെടുത്ത് പ്രതിക്ക് അറസ്റ്റ് ഭീഷണി ഇല്ലെന്ന് കണ്ടെത്തിയ കോടതി, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം തുടരാൻ ഉത്തരവിട്ടു. കേസിൽ അന്വേഷണം തുടരുമെങ്കിലും പ്രഥമദൃഷ്ട്യാ ആരോപണം സംശയാസ്പദമാണെന്നാണ് കോടതിയുടെ നിലപാട്.

Share Email
LATEST
More Articles
Top