തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ വികാരമില്ല, 60 മണ്ഡലങ്ങളിൽ ഇപ്പോഴും എൽഡിഎഫിന് ലീഡെന്ന് എം.വി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണവിരുദ്ധ വികാരമില്ല, 60 മണ്ഡലങ്ങളിൽ ഇപ്പോഴും എൽഡിഎഫിന് ലീഡെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഫലം വിശദമായി പരിശോധിച്ചുവെന്നും അപ്രതീക്ഷിത പരാജയം ഉണ്ടായ ഇടങ്ങളിൽ പരിഹാര നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് ഇപ്പോഴും വ്യക്തമായ ലീഡുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സംഘടനാപരമായ മികവും ശരിയായ രാഷ്ട്രീയ പ്രചാരണവും ഉണ്ടെങ്കിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനാകുമെന്നും സർക്കാരിനെ കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. യുഡിഎഫും ബിജെപിയും കള്ളപ്രചാരണത്തിലൂടെയാണ് വോട്ട് നേടിയതെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയ പ്രചാരണങ്ങളിലൂടെ വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വിജയിച്ച 41 വാർഡുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതേ അവസ്ഥയാണെന്നും യുഡിഎഫും ബിജെപിയും തമ്മിൽ പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Share Email
LATEST
More Articles
Top