‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം; നടപടി കടുപ്പിക്കുന്നു

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം; നടപടി കടുപ്പിക്കുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സിപിഐഎം തീരുമാനിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗവും രാജകുടുംബാംഗവുമായ പ്രദീപ് വർമ്മയാണ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുന്നത്. ഇന്ന് ചേർന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് പാർട്ടിയുടെ നിലപാട്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ ഗാനം മലപ്പുറം സ്വദേശി ഡാനിഷ് മുഹമ്മദാണ് ആലപിച്ചത്. അയ്യപ്പ സ്വാമിയെയും ഭക്തരെയും രാഷ്ട്രീയ ലാഭത്തിനായി അപമാനിക്കുന്ന രീതിയിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നതെന്ന് കാണിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് സുബൈർ പന്തല്ലൂർ, ഡാനിഷ് മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മെറ്റയ്ക്കും കത്തയച്ചിരുന്നു.

അതേസമയം, പാട്ടിനെതിരെയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഈ പാട്ട് പാടി പ്രതിഷേധിച്ചിരുന്നു. കേന്ദ്രം സിനിമകളെ വിലക്കുമ്പോൾ കേരള സർക്കാർ പാട്ടുകളെ വിലക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാഷ്ട്രീയ വിവാദങ്ങൾക്ക് പുറമെ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഡിജിപിക്ക് ലഭിച്ച പരാതിയിൻമേലുള്ള അന്വേഷണവും നിലവിൽ പുരോഗമിക്കുകയാണ്.

Share Email
LATEST
More Articles
Top