വയനാട്: കടുവാ ഭീഷണി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: കടുവാ ഭീഷണി;  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Share Email

വയനാട് ജില്ലയിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ഗ്രാമപഞ്ചായത്തുകളിലെ 10 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 16 ഡിസംബർ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗൻവാടികളും മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ഈ മേഖലയിൽ ആശങ്ക നിലനിന്നിരുന്നു. കടുവയെ കണ്ട വാഴത്തോട്ടത്തിന് സമീപത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനായ കോടഞ്ചേരി സ്വദേശി ബേബിയെ (70) പിന്നീട് കണ്ടെത്തിയത് താൽക്കാലിക ആശ്വാസമായി.

കടുവയെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നു. ജനവാസ മേഖലയിൽ കടുവ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് പോലീസ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


Share Email
LATEST
More Articles
Top