ദില്ലി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് 1980-ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ദില്ലി റൗസ് അവന്യു കോടതി നോട്ടീസ് അയച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് ഈ വിഷയത്തിൽ കോടതിയുടെ നിർണ്ണായക നടപടി.
സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1983-ലാണ് എന്നും, എന്നാൽ മൂന്ന് വർഷം മുൻപ് തന്നെ 1980-81 കാലയളവിലെ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. പൗരത്വ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ നടപടി നടന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് തുടർന്ന് പരിഗണിക്കുന്നതിനായി ജനുവരി 6-ലേക്ക് മാറ്റിവെച്ചു.













