ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങളുടെ സുരക്ഷാ-നിയന്ത്രണ വീഴ്ചകൾക്ക് പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കർശന നടപടിയിലേക്ക്. ഇൻഡിഗോയുടെ ഫ്ലൈറ്റ് ഓപ്പറേഷൻസ് മേൽനോട്ട ചുമതല വഹിച്ചിരുന്ന നാല് ഉന്നത ഉദ്യോഗസ്ഥരെ ഉടൻ പ്രാബല്യത്തിൽ പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥർക്കെതിരെ ഇൻഡിഗോയുടെ നിയമലംഘനങ്ങൾ മറച്ചുവെച്ചതിനും മേൽനോട്ടത്തിൽ വലിയ വീഴ്ച്ച കാട്ടിയതിനുമാണ് നടപടി. ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരെ ആദ്യമായാണ് ഇത്ര കടുപ്പമേറിയ ശിക്ഷാനടപടി.
ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ പൊഖ്‌രിയാൽ, പ്രിയം കൗശിക് എന്നിവരാണ് പുറത്താക്കപ്പെട്ടത്. ഇൻഡിഗോയുടെ ഓപ്പറേഷൻസ്, പൈലറ്റ് ട്രെയിനിങ്, എയർക്രാഫ്റ്റ് മെയിന്റനൻസ് എന്നിവയിലെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിന് പിന്നാലെ ഡിജിസിഎ മുഴുവൻ ഉദ്യോഗസ്ഥരുടെയും പ്രവർത്തനം അഡീഷണൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു “ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കും” എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടനടി നാല് പേരെ പുറത്താക്കിയത്. ഇൻഡിഗോയ്ക്കെതിരായ നടപടികൾക്കൊപ്പം റെഗുലേറ്ററി സംവിധാനത്തിനുള്ളിലെ അഴിച്ചുപണിയുടെ തുടക്കമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഡിജിസിഎയുടെ മേൽനോട്ട സംവിധാനം കൂടുതൽ കർശനമാക്കാനുള്ള നിർദേശവും മന്ത്രാലയം നൽകിയിട്ടുണ്ട്.













