കൊച്ചി: നദിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് പ്രതികരണം. കേസിൽ താൻ നിരപരാധിയാണെന്നും യഥാർത്ഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നുമാണ് ദിലീപിന്റെ ആരോപണം. തന്റെ മുൻ ഭാര്യയായ മഞ്ജു വാരിയർ ഗൂഢാലോചന എന്ന വാക്ക് പറഞ്ഞ പിന്നാലെയാണ് തനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. ഇത് തന്റെ കരിയറും ജീവിതവും തകർത്തു എന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ വെച്ച് പ്രതികളെ കൂട്ടുപിടിച്ച് ചില പോലീസ് ഉദ്യോഗസ്ഥർ കള്ളക്കഥ മെനയുകയായിരുന്നു എന്നും ഈ കള്ളക്കഥ പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നതായും ദിലീപ് ആരോപിച്ചു. എന്നാൽ ഈ കള്ളക്കഥ കോടതിയിൽ തകർന്നു വീഴുകയായിരുന്നു. തനിക്കെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് കോടതി തന്നെ വെറുതെ വിട്ടത്. നീണ്ട ഏഴുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്.
തനിക്ക് വേണ്ടി കോടതിമുറിക്കുള്ളിൽ ശക്തമായി വാദിച്ച അഭിഭാഷകർക്കും ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാ നല്ല മനസുകൾക്കും ദിലീപ് നന്ദി അറിയിച്ചു. വിധിയോടെ സത്യം ജയിച്ചിരിക്കുന്നു എന്നും നിയമത്തോടുള്ള വിശ്വാസം വർധിച്ചെന്നും ദിലീപ് കൂട്ടിച്ചേർത്തു. അതേസമയം, കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതികളെ ശിക്ഷിക്കാനുള്ള നടപടികൾ കോടതി ഉടൻ സ്വീകരിക്കും.
.













