പരിശ്രമം വിഫലം; വഴിയരികിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി

പരിശ്രമം വിഫലം;  വഴിയരികിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി

കൊച്ചി: അപകടത്തെത്തുടർന്ന് ശ്വാസതടസ്സം നേരിട്ടപ്പോൾ വഴിയരികിൽ വച്ച് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തിയ യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം സ്വദേശി ലിനുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി തൃപ്പൂണിത്തുറ ഉദയംപേരൂരിന് സമീപം നടന്ന അപകടത്തിൽ പരിക്കേറ്റ ലിനുവിനെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയ അസാധാരണ ശ്രമങ്ങൾ കേരളമൊട്ടാകെ ചർച്ചയായിരുന്നു.

ഞായറാഴ്ച രാത്രി 8.30-ഓടെ ഉദയംപേരൂരിലായിരുന്നു അപകടം. ലിനു സഞ്ചരിച്ച ബൈക്കും മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലിനുവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം നില അതീവ ഗുരുതരമായി.

ആംബുലൻസിനായി കാത്തുനിൽക്കുന്നതിനിടെ അതുവഴി വന്ന കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപ്, ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ. തോമസ് എന്നിവർ ലിനുവിന്റെ നില കണ്ട് ഇടപെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ സമയം ലഭിക്കില്ലെന്ന് ബോധ്യമായതോടെ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് വഴിയരികിൽ വച്ച് തന്നെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ നിലനിർത്താൻ ശ്രമിച്ചു.

  • പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിനുവിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമയബന്ധിതമായി ഡോക്ടർമാർ നടത്തിയ ധീരമായ ഇടപെടൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നെങ്കിലും പ്രിയപ്പെട്ടവരുടെയും നാടിന്റെയും പ്രാർത്ഥനകൾ വിഫലമാക്കി ലിനു യാത്രയായി.


Share Email
LATEST
More Articles
Top