തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ മേയർ സ്ഥാനത്തേക്കുള്ള ചർച്ചയും സജീവമായി. പ്രചാരണ കാലത്ത് തന്നെ ബിജെപി സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ വി.വി. രാജേഷിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയുടെയും പേരുകൾ പ്രധാനമായും ഉയർന്നിരുന്നു. എന്നാൽ, പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ദീർഘകാല പൊതുപ്രവർത്തന പരിചയവും രാജേഷിന് കൂടുതൽ സാധ്യത നൽകുന്നു. നിലവിൽ ആർഎസ്എസിന്റെ തീരുമാനം കാത്തിരിക്കുകയാണ് ബിജെപി. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ശ്രീലേഖയെയും ജി.എസ്. മഞ്ജുവിനെയും പരിഗണിക്കുന്നുണ്ട്. 101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.
എൻഡിഎ 50 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് മാത്രമുള്ളതിനാൽ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പിക്കാം. കഴിഞ്ഞ തവണ 34 സീറ്റുകളിൽ നിന്നുള്ള കുതിച്ചുചാട്ടമാണ് ബിജെപിയുടെ മുന്നേറ്റം. ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നീക്കം നിർണായകമാകും. കണ്ണമൂല വാർഡിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് പാറ്റൂർ രാധാകൃഷ്ണനും പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതൻ സുധീഷ് കുമാറും വിജയിച്ചു.
മാറ്റിവെച്ച വിഴിഞ്ഞം വാർഡും മുന്നണികൾക്ക് പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ ഈ ചരിത്ര വിജയം കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ.













