അഞ്ച് പതിറ്റാണ്ട് മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച ആ മഹാപ്രതിഭക്ക് പകരം വയ്ക്കാൻ ആരുമില്ല…, ശ്രീനിവാസന് വിട..

അഞ്ച് പതിറ്റാണ്ട് മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച ആ മഹാപ്രതിഭക്ക് പകരം വയ്ക്കാൻ ആരുമില്ല…, ശ്രീനിവാസന് വിട..

അഞ്ച് പതിറ്റാണ്ടോളം മലയാളിയെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ‘മഹാപ്രതിഭ’ വിടപറയുമ്പോൾ ദാസനും വിജയനും ദിനേശനും ബാലനും പ്രകാശനും മലയാളിയുടെ ദൈനംദിന ജീവിതത്തിന്‍റെതന്നെ ഭാഗമായി, മലയാളി ഉള്ളിടത്തോളം കാലം നിലനിൽക്കും. കാരണം ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഒരു മഹാപ്രതിഭയായിരുന്നു ആ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്. ശ്രീനിവാസൻ എന്ന പ്രതിഭ.


വർഷങ്ങൾക്ക് മുൻപ് പ്രശസ്ത ചെറുകഥാകൃത്ത് എൻ. പ്രഭാകരൻ പറഞ്ഞു. ‘1985 മുതൽ ഇരുപത് വർഷക്കാലം കേരള സമൂഹം എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ ചരിത്ര പുസ്തകം വായിക്കേണ്ട കാര്യമില്ല, ശ്രീനിവാസൻ്റെ സിനിമകൾ കണ്ടാൽ മതി’ എന്ന്. അതു സത്യമായിരുന്നു താനും.  അവസരത്തിനൊത്ത് കാലുമാറാത്ത ശക്തമായ ഒരു രാഷ്ടീയ നിപലാടിൻ്റെ അടിത്തറയിൽ നിന്നു പണിതുയർത്തിയവയായിരുന്നു ശ്രീനിവാസൻ്റെ കലാലോകം. അത് മലയാളിയുടെ കാപട്യത്തെ നിരന്തരം കീറി മുറിച്ചുകൊണ്ടിരുന്നു. അതൊരു ഫാൻ്റസി ലോകമായിരുന്നില്ല. മലയാളി മധ്യവർഗത്തിൻ്റെ വിചാരങ്ങളും വികാരങ്ങളും ചിന്തകളും  ചിരിയുടെ മേമ്പൊടി ചേർത്ത് ആവോളം ലളിതമായി അവതരിപ്പിച്ച എഴുത്തായിരുന്നു ശ്രീനിവാസൻ്റേത്. 

തൊഴിലില്ലായ്മ രൂക്ഷമായ എൺപതുകളിലെ കേരളത്തിന്റെ നേർക്കാഴ്ചയായിരുന്നു ‘നാടോടിക്കറ്റ്’ (1987). മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് അലയുന്ന ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരായ മലയാളി യുവത്വത്തിന്‍റെ ആകുലതകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്ന ശ്രീനിവാസന്റെ ഡയലോഗ് ഇന്നും മലയാളി തന്റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുദ്ധ്യങ്ങളെയും നിശിതമായി വിമർശിച്ച ചിത്രമാണ് ‘സന്ദേശം’ (1991). “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്ന ഇതിലെ സംഭാഷണം ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു. രാഷ്ട്രീയത്തെ ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും സമീപിച്ച മറ്റൊരു ചിത്രം മലയാളത്തിലില്ല . സന്ദേശത്തിലെ ‘താത്വികമായ അവലോകന’വും ‘സജീവമായ അന്തർധാരയും’ ‘സമരമുറ’കളും ഇന്നും സമകാലിക രാഷ്ട്രീയപരിസരത്ത് നിറഞ്ഞനിൽക്കുന്നു.

പ്രവാസികളുടെ ജീവിതവും നാട്ടിൽ തിരിച്ചെത്തുമ്പോൾ നേരിടുന്ന പ്രതിസന്ധികളും പ്രമേയമാക്കിയ ‘വരവേല്പ്’ (1989) മറ്റൊരു മാസ്റ്റർപീസാണ്.
സാധാരണക്കാരന്റെ ആകുലതകളെയും സ്വപ്നങ്ങളെയും ഇത്രത്തോളം ഹൃദയസ്പർശിയായി, നർമബോധത്തോടെ അവതരിപ്പിച്ച മറ്റ് സിനിമകൾ മലയാളത്തിൽ വളരെ കുറവാണ്. 

അഭിനയത്തിൽ പരീക്ഷിച്ച് വിജയിച്ച വേറിട്ട വഴി തന്നെയാണ് എഴുത്തിലും ശ്രീനിവാസൻ അവലംബിച്ചത്. ആദ്യകാലത്തെ പ്രിയദർശന്റെ സ്ലാപ്പ് സ്റ്റിക് കോമഡി ചിത്രങ്ങളിൽ നിന്ന് ക്ഷണത്തിൽ തന്നെ ആക്ഷേപഹാസ്യത്തിന്റെ, മലയാളം അന്നോളം കണ്ടോ പരീക്ഷിച്ചോ ശീലിക്കാത്ത പാതയിലേയ്ക്ക് ചുവടുമാറുകയായിരുന്നു ശ്രീനി. ഉള്ളിൽ തൊടുന്ന നോവിന്റെ സ്പർശം കൂടിയുണ്ടായിരുന്നു ഗാന്ധിനഗറിലും സന്മനസുള്ളവർക്ക് സമാധാനത്തിലും ടി.പി.ബാലഗോപാലനിലും നമ്മൾ കണ്ടുചിരിച്ച ആ നർമത്തിന്.

ഉള്ളുലയ്ക്കുന്ന കടുത്ത ജീവിതയാഥാർഥ്യങ്ങളെ ഇങ്ങനെ ചിരിയുടെ മേമ്പൊടിയിൽ അവതരിപ്പിക്കുന്നത് അത്ഭുതത്തോടെയാണ് മലയാളം കണ്ടു കൈയടിച്ചത്.

ഉള്ളിൽ മധുരം പുരട്ടി മന്ദം മന്ദം തുളഞ്ഞുകയറുന്ന ആക്ഷേപഹാസ്യമായിരുന്നു ശ്രീനിവാസന്റെ ശരം. മലയാള സിനിമയിലെ കുഞ്ചൻ നമ്പയാരായിരുന്നു ശ്രീനിവാസൻ. സന്ദേശവും വരവേൽപും വടക്കുനോക്കിയന്ത്രവും വെള്ളാനകളുടെ നാടും തലയണമന്ത്രവും മിഥുനവും ഉദയനാണ് താരവും അതിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം നിത്യഹരിതങ്ങളായി നിലനിൽക്കുന്നത് അക്കാരണത്താലാണ്.  

ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷിനെയും വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെയും കഥ പറയുമ്പോഴിലെ ബാർബർ ബാലനെയും ഗോളാന്തരവാർത്തകളിലെ കാരക്കൂട്ടിൽ ദാസനെയും തലയണമന്ത്രത്തിലെ മേസ്തരി സുകുമാരനെയും മറവത്തൂർ കനവിലെ മരുതിനെയുമെല്ലാം സൃഷ്ടിച്ച് സ്വയംവേഷമിട്ടാനുള്ള തന്റേടം മറ്റേത് എഴുത്തുകാരനുണ്ട്, സംവിധായകനുണ്ട് മലയാളത്തിൽ. ഇനിയുണ്ടാവുകയുമില്ല എന്നിടത്താണ് ശ്രീനിവാസന്റെ വിടവാങ്ങൽ ഒരു വലിയ നഷ്ടമാവുന്നത്.  

വ്യക്തികളേക്കാൾ ശ്രീനിവാസന്റെ നർമവും പരിഹാസവും മുറിവേൽപിച്ചിരിക്കുക ഒരുപക്ഷേ, പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാവും. ആ കൂരമ്പ് ചെന്നു കൊള്ളാത്തവരുണ്ടായിരുന്നില്ല ഉലകിൽ. മലയാളത്തിന് മികച്ച കുറേ ക്ലാസിക്കുകൾ മാത്രമല്ല, കൈയടിയും പിണക്കവും ഒരുപോലെ സമ്മാനിച്ചു ഇവ ശ്രീനിവാസന്. ചിന്താവിഷ്ടയായ ശ്യാമള സ്ത്രീപക്ഷക്കാരുടെ വലിയ കൈയടി നേടിയെങ്കിൽ സന്ദേശവും വരവേൽപ്പും ഉണ്ടാക്കിയ രാഷ്ട്രീയ ഈർഷ്യയ്ക്ക് കണക്കില്ല. അരാഷ്ട്രീയവാദി എന്ന വലിയ വിമർശനം അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

ഇംഗ്ലീഷ് മീഡിയവും വിദ്യാരംഭവുമെല്ലാം വിദ്യാഭ്യാസ വിദഗ്ദ്ധരെ ചൊടിപ്പിച്ചത് ചരിത്രം. സരോജ്കുമാർ വഴിവെച്ച പിണക്കവും പ്രസിദ്ധം. മൂർച്ചയുള്ള പരിഹാസമാണ് മലയാളത്തിന് ഇന്ന് നഷ്ടമാവുന്നത്. അദ്ദേഹത്തിന് പകരം വയ്ക്കാൻ ഇനി മലയാളത്തിൽ ആരുമില്ല..

Farewell to actor script writer Srinivasan.

Share Email
LATEST
Top