ഇരട്ട നികുതിക്കെതിരെ പ്രതിഷേധം: ജനുവരി ഒന്ന് മുതൽ സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ഫിലിം ചേമ്പർ

ഇരട്ട നികുതിക്കെതിരെ പ്രതിഷേധം: ജനുവരി ഒന്ന് മുതൽ സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ഫിലിം ചേമ്പർ

കൊച്ചി: സിനിമ മേഖലയിലെ ഇരട്ട നികുതി ഒഴിവാക്കാത്ത സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സ്. ജനുവരി ഒന്ന് മുതൽ കെ.എസ്.എഫ്.ഡി.സി (KSFDC) തിയേറ്ററുകൾക്ക് സിനിമകൾ നൽകില്ലെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.

സർക്കാരുമായി ഇനി സഹകരിക്കില്ലെന്നും ഇരട്ട നികുതിയുടെ കാര്യത്തിൽ ആറ് മാസമായിട്ടും സർക്കാർ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നും ചേമ്പർ വ്യക്തമാക്കി.

സർക്കാർ ‘ചുങ്കക്കാരനായും’ സിനിമാക്കാർ വെറും ‘കളക്ഷൻ ഏജന്റുമാരായും’ മാറുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അനിൽ തോമസ് കുറ്റപ്പെടുത്തി. സിനിമ മേഖലയ്ക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ മന്ത്രി സജി ചെറിയാൻ ഇതുവരെ യോഗം വിളിച്ചില്ല. കഴിഞ്ഞ പത്ത് വർഷമായി മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളെ കബളിപ്പിക്കുകയാണെന്നും ചേമ്പർ ആരോപിക്കുന്നു.

ഈ വർഷം റിലീസ് ചെയ്ത 184 സിനിമകളിൽ 10 എണ്ണം പോലും ലാഭമുണ്ടാക്കിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

ജനുവരി ഒന്ന് മുതലുള്ള നിസ്സഹകരണത്തിന് പുറമെ വരും ദിവസങ്ങളിൽ സൂചന പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഫിലിം ചേമ്പറിന്റെ തീരുമാനം.

വിനോദ നികുതിയും ജി.എസ്.ടിയും ഒരുപോലെ ഈടാക്കുന്ന ‘ഇരട്ട നികുതി’ സമ്പ്രദായം നിർത്തലാക്കണമെന്നത് സിനിമാ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഈ ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങാൻ കാരണമായിരിക്കുന്നത്.

Share Email
Top