കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നത് “മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ബീഭത്സ കാര്യങ്ങളും ലൈംഗിക വൈകൃതങ്ങളും” ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ഇത്തരം പെരുമാറ്റം. ആദ്യ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ മാറ്റിനിർത്തേണ്ടിയിരുന്നു. പക്ഷേ കോൺഗ്രസ് നേതൃത്വം ഇയാളെ ‘ഭാവിയിലെ നിക്ഷേപം’ എന്ന് വിശേഷിപ്പിച്ച് സംരക്ഷിച്ചു,” മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
പോലീസ് ഫലപ്രദമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചിലർ ബോധപൂർവം രാഹുലിന് സംരക്ഷണ വലയം ഒരുക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. “രാഹുൽ പോയ സ്ഥലങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് സംരക്ഷണം നൽകുന്നു. ഇനിയെങ്കിലും അത് നിർത്തുക. പോലീസ് പ്രതിയെ പിടികൂടുമെന്ന് ഉറപ്പാണ്,” മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
“പരാതിയിൽ പറയുന്നത് ഒരാൾ എത്തിച്ചുകൊടുത്തു എന്നല്ലേ? ഇതിനെ സാധാരണ ഗതിയിൽ എന്താണ് വിളിക്കുക എന്ന് എല്ലാവർക്കും അറിയാമല്ലോ. ആളെ എത്തിച്ചുകൊടുക്കലാണോ രാഷ്ട്രീയ പ്രവർത്തനം?” മുഖ്യമന്ത്രി ചോദിച്ചു. രാഹുലിനെ വിമർശിക്കുന്നവർക്കെതിരേ അസഭ്യവർഷവും ആക്ഷേപവും നടക്കുന്നത് നേതൃത്വം സ്വയം പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഇത്തരമൊരു അധഃപതനം എങ്ങനെ സംഭവിച്ചു എന്ന് അവർക്ക് തന്നെ ചിന്തിക്കേണ്ട സമയമാണിത്,” മുഖ്യമന്ത്രി പറഞ്ഞു. കേസിൽ പുതിയ വെളിപ്പെടുത്തലുകൾ കൂടി വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വൻ വിമർശന വിധേയമാകുകയാണ്.













