ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മികച്ച സുഹൃത്ത് എന്ന് വിശേഷിപ്പിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉദ്ധരണി പങ്കുവെച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസി. ചൊവ്വാഴ്ച എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ അപ്രതീക്ഷിത സന്ദേശം പോസ്റ്റ് ചെയ്തത്. “ഇന്ത്യ ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിൽ ഒന്നിന്റെ ആസ്ഥാനമാണ്. ഇന്ത്യ അതിശയകരമായൊരു രാജ്യവും ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാന തന്ത്രപരമായ പങ്കാളിയുമാണ്. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്താണ്” എന്നാണ് ട്രംപിനെ ഉദ്ധരിച്ച് എംബസി പോസ്റ്റ് ചെയ്തത്. ഇന്ത്യ അതിശയകരമായ രാജ്യമെന്ന് ട്രംപ് വിശേഷിപ്പിച്ചതായും എംബസി കുറിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ പോസ്റ്റ്. ഡിസംബർ 11-ന് നടന്ന ആ സംഭാഷണത്തിൽ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തുകയും വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഒക്ടോബറിനു ശേഷമുള്ള ഇരുവരുടെയും ആദ്യ നേരിട്ടുള്ള സംഭാഷണമായിരുന്നു അത്. വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലും ഈ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നു.
സംഭാഷണത്തെ കുറിച്ച് മോദി എക്സിലൂടെ പങ്കുവെച്ചിരുന്നു: “പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളവും മികച്ചതുമായ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തുകയും പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കും.” ട്രംപിന്റെ പ്രശംസ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.













