പപ്പാ, എനിക്ക് വേദന സഹിക്കാനാവുന്നില്ല’; കാനഡയിൽ ചികിത്സ കിട്ടാതെ മലയാളി യുവാവ് മരിച്ചു

പപ്പാ, എനിക്ക് വേദന സഹിക്കാനാവുന്നില്ല’; കാനഡയിൽ ചികിത്സ കിട്ടാതെ മലയാളി യുവാവ് മരിച്ചു

കാനഡയിലെ എഡ്മന്റണിൽ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി യുവാവ് എട്ടു മണിക്കൂറിലധികം ചികിത്സ ലഭിക്കാതെ കാത്തിരുന്നതിനൊടുവിൽ കുഴഞ്ഞുവീണ് മരിച്ചു. 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ മരണമടഞ്ഞത്. ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ സഹപ്രവർത്തകനാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം വെയിറ്റിംഗ് റൂമിൽ ഇരിക്കാൻ നിർദ്ദേശിച്ച അധികൃതർ, അസഹനീയമായ വേദനയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വിദഗ്ദ്ധ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ഇസിജി എടുത്തതല്ലാതെ, സാധാരണ വേദനസംഹാരിയായ ടൈലനോൾ നൽകി കാത്തിരിക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. “പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. ഒടുവിൽ എട്ട് മണിക്കൂർ കഴിഞ്ഞ് പരിശോധനാ മുറിയിലേക്ക് പ്രവേശിച്ച ഉടനെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നഴ്സുമാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനഡയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയെക്കുറിച്ച് വലിയ പ്രതിഷേധമാണ് ഈ സംഭവത്തെത്തുടർന്ന് ഉയരുന്നത്. ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം.

Share Email
LATEST
More Articles
Top