തിരുവനന്തപുരം: ഡിസംബര്‍ മൂന്നിന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചില്‍ നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പോര്‍വിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് വേദിയായി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കല്‍ ബാന്‍ഡ് സംഗീത വിരുന്നൊരുക്കി.

പിന്നാലെ ഇന്ത്യയുടെ പോര്‍ക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ചേര്‍ന്ന് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കി.

വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തിന്റേയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി. സീ കേഡറ്റ് അവതരിപ്പിച്ച ഹോണ്‍ ആന്‍ഡ് പൈപ് ഡാന്‍സ് പരിപാടിയെ വ്യത്യസ്തമാക്കി. എല്ലാ പോര്‍ക്കപ്പലുകളും തീരക്കടലില്‍ ദീപാലങ്കൃതമായി അണിനിരന്നതോടെ റിഹേഴ്‌സലിന് സമാപനമായി.
Huge crowd for Navy Day celebration rehearsal: Massive security arrangements in Thiruvananthapuram city













