കൊച്ചി: നടി ആക്രമണക്കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണമെന്ന് നടൻ ലാൽ. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം വിധി കേട്ടതിനുശേഷം വല്ലാത്ത സമാധാനക്കേടിലാണെന്ന് വെളിപ്പെടുത്തി. ആ കുട്ടി വീട്ടിൽ വന്ന് സംഭവിച്ചതെല്ലാം പറഞ്ഞപ്പോൾ പ്രതികളെ കൊന്നുകളയണമെന്നാണ് തോന്നിയതെന്നും കുറ്റക്കാരായവർക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും ലാൽ പറഞ്ഞു. കേസ് സുപ്രീം കോടതി വരെ പോയാൽ എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഗൂഢാലോചനയെക്കുറിച്ച് പൂർണമായി അറിയാത്തതിനാൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് ലാൽ വ്യക്തമാക്കി. വിധി ശരിയാണോ തെറ്റാണോ എന്ന് തനിക്ക് പറയാനാവില്ലെന്നും വിധിപ്പകർപ്പ് വായിച്ചശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞത് എന്ന് ഇനിയും വ്യക്തമല്ലെന്നും ലാൽ പറഞ്ഞു.
സംഭവം നടന്ന ഉടനെ അതിജീവിത തന്റെ വീട്ടിലെത്തിയപ്പോൾ ആദ്യം മോഹൻലാലിനെയും പിന്നീട് പി.ടി. തോമസിനെയും വിളിച്ചതും താൻ തന്നെയാണെന്ന് ലാൽ ഓർത്തു. മാർട്ടിനെ ആശുപത്രിയിലെത്തിക്കണമെന്ന് പി.ടി. പറഞ്ഞപ്പോൾ അവന്റെ അഭിനയം ശരിയല്ലെന്നും സംശയം തോന്നിയെന്നും താൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അത് താൻ ചെയ്ത വലിയ കാര്യമായി കരുതുന്നുവെന്നും ലാൽ പറഞ്ഞു.













