തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ (ഐഎഫ്എഫ്‌കെ) പ്രതിസന്ധിയിലാക്കി കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം 19 ചിത്രങ്ങൾക്ക് സെൻസർ ഇളവ് നിഷേധിച്ചു. പലസ്തീൻ പ്രമേയമുള്ള നാല് ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇതിൽ ഉൾപ്പെടുന്നത്. സെർജി ഐസൻസ്റ്റീന്റെ ക്ലാസിക് ‘ബാറ്റിൽഷിപ് പൊട്ടംകിൻ’ പോലുള്ള നൂറുവർഷം പഴക്കമുള്ള ചിത്രങ്ങൾക്കും അനുമതി നിഷേധിച്ചത് മേളയുടെ ഷെഡ്യൂളിനെ ബാധിച്ചു.
പലസ്തീൻ പാക്കേജിലെ ‘പലസ്തീൻ 36’, ‘ഓൺസ് അപോൺ എ ടൈം ഇൻ ഗാസ’, ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ’, ‘വജിബ്’ തുടങ്ങിയ ചിത്രങ്ങൾക്കാണ് പ്രധാനമായും ഇളവ് നിഷേധിച്ചത്. ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ് അബ്ദെറഹ്മാൻ സിസാക്കോയുടെ ‘ടിംബുക്ടു’, ‘ബമാകോ’ എന്നിവയും സ്പാനിഷ് ചിത്രം ‘ബീഫ്’, സന്ധ്യ സൂരിയുടെ ‘സന്തോഷ്’ എന്നിവയും പട്ടികയിലുണ്ട്. ഇതോടെ ഇന്നലെയും ഇന്നുമായി ഒമ്പത് ചിത്രങ്ങളുടെ പ്രദർശനം മുടങ്ങി.
കേന്ദ്ര നടപടം ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. സിനിമയെക്കുറിച്ച് അടിസ്ഥാന അറിവില്ലാത്തവരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മേള സംഘാടകർ മന്ത്രാലയവുമായി ചർച്ച നടത്തി അനുമതി നേടാൻ ശ്രമിക്കുകയാണ്.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത വിദേശ ചിത്രങ്ങൾക്ക് മേളകളിൽ പ്രദർശിപ്പിക്കാൻ സാധാരണയായി നൽകാറുള്ള ഇളവാണ് നിഷേധിച്ചത്. ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന മേളയിൽ 200-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കാനിരുന്നു. പലസ്തീൻ ജനതയുടെ പ്രതിരോധത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾക്കാണ് പ്രധാനമായും തിരിച്ചടി നേരിട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്.













