ന്യൂയോർക്ക്:ന്യൂയോർക്കിൽ എത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനിയുടെ ഭീഷണിക്കിടെ പ്രതികരണവുമായി നെതന്യാഹു. ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ (ഐ.സി.സി.) വാറൻ്റ് നടപ്പാക്കുമെന്ന മംദാനിയുടെ വെല്ലുവിളികൾ നിലനിൽക്കെ, താൻ ന്യൂയോർക്ക് സന്ദർശിക്കാൻ പദ്ധതിയിടുന്നതായി നെതന്യാഹു അറിയിച്ചു.
“അതെ, ഞാൻ ന്യൂയോർക്കിൽ വരും,” ന്യൂയോർക്ക് ടൈംസിൻ്റെ ‘ഡീൽബുക്ക്’ ഫോറത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി.
മംദാനിയുമായി ചർച്ചയ്ക്ക് തയ്യാറുണ്ടോ എന്ന ചോദ്യത്തിന് നെതന്യാഹു നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഇസ്രായേലിന് നിലനിൽക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം അഭിപ്രായം മാറ്റുകയാണെങ്കിൽ, അതൊരു സംഭാഷണത്തിന് നല്ല തുടക്കമാകും.”
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് വിശ്വസിക്കുന്ന മംദാനി, നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ ഐ.സി.സി. വാറൻ്റ് നടപ്പാക്കാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിനെ അയക്കുമെന്ന് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.
എങ്കിലും, ഇസ്രായേലി പ്രധാനമന്ത്രിയെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട മേയർക്കുണ്ടോ എന്നത് സംശയകരമാണ്. അമേരിക്കയിൽ കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഫെഡറൽ സർക്കാരാണ്. കൂടാതെ, യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇസ്രായേലിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. വംശഹത്യാ ആരോപണങ്ങളെ ഇസ്രായേൽ ആവർത്തിച്ച് നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഐ.സി.സി. വാറൻ്റ് നിലനിൽക്കുന്നത്.













