ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ അദ്ദേഹത്തെ കാണാൻ സഹോദരിയെത്തി. അദ്ദേഹത്തിന്റെ സഹോദരിയായ ഉസ്മ ഖാൻ ആണ് ജയിലിൽ ഇമ്രാൻ ഖാനെ സന്ദർശിച്ചത്. ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് കഴിയുന്നത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെയായി നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽ അധികൃതർ സഹോദരിക്ക് സന്ദർശനാനുമതി നൽകിയത്.
പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പാർട്ടി സ്ഥാപകൻ കൂടിയായ ഇമ്രാൻ ഖാൻ, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജയിൽവാസത്തിലാണ്. ജയിലിൽ അദ്ദേഹത്തിന് മതിയായ ചികിത്സയും സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പാർട്ടിയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.













