ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ ശക്തമായതിനെത്തുടർന്ന്, റാവൽപിണ്ടിയിലെ അദിയാല ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാനത്തിന് അധികൃതർ അനുമതി നൽകി. ചൊവ്വാഴ്ചയാണ് ഉസ്മ ഖാനം ജയിലിലെത്തി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയത്.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹത്തിന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകരും പ്രതിഷേധം ശക്തമാക്കിയിരുന്നു. രണ്ടാഴ്ചയായി കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാൻ്റെ മറ്റൊരു സഹോദരിയായ അലീമ ഖാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു.
ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് ഇമ്രാൻ ഖാൻ്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി പി.ടി.ഐ. ആരോപിച്ചു. കൂടാതെ, കഴിഞ്ഞ ആഴ്ച ജയിലിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച ഇമ്രാൻ്റെ സഹോദരിമാരെ പോലീസ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെയാണ് പി.ടി.ഐ. പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയത്. ഇമ്രാൻ ഖാൻ ആരോഗ്യവാനായി അദിയാല ജയിലിൽ തുടരുകയാണെന്നാണ് ജയിൽ അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നത്.













