ഇന്ത്യൻ വംശജയായ 60കാരി ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഐസിഇയുടെ കസ്റ്റഡിയിൽ; 1994 മുതൽ ജീവിതം യുഎസിൽ, കുടുംബം പ്രതിസന്ധിയിൽ

ഇന്ത്യൻ വംശജയായ 60കാരി ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഐസിഇയുടെ കസ്റ്റഡിയിൽ; 1994 മുതൽ ജീവിതം യുഎസിൽ, കുടുംബം പ്രതിസന്ധിയിൽ

ലോംഗ് ബീച്ച്: ലോംഗ് ബീച്ചിലെ ഗ്രീൻ കാർഡ് അപേക്ഷയുടെ അവസാന ഘട്ടമായ ബയോമെട്രിക്സ് അപ്പോയിന്റ്മെന്റിനെത്തിയ 60 വയസ്സുള്ള ഇന്ത്യൻ വംശജ ബബ്ബി കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇത് കുടുംബത്തെ ആശങ്കയിലാക്കിയെന്ന് ലോംഗ് ബീച്ച് വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്തു.

1994 മുതൽ അമേരിക്കയിൽ ജീവിക്കുന്ന ബബ്ബി കൗർ, ഭർത്താവിനൊപ്പം കോവിഡ് മഹാമാരി വരെ ലോംഗ് ബീച്ചിലെ ‘നട്രാജ് ക്യൂസിൻ ഓഫ് ഇന്ത്യ ആൻഡ് നേപ്പാൾ’ എന്ന റസ്റ്റോറന്റ് നടത്തിയിരുന്നു. കൗർ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഇളയ മകൾ ജ്യോതിക്ക് DACA (Deferred Action for Childhood Arrivals) അനുസരിച്ച് യുഎസിൽ നിയമപരമായ സ്റ്റാറ്റസുണ്ട്. മൂത്ത മകനും മകളും യുഎസ് പൗരന്മാരാണ്. മൂത്ത മകളും മരുമകനും സമർപ്പിച്ച ഗ്രീൻ കാർഡ് പെറ്റീഷൻ ബബ്ബി കൗറിന് അംഗീകരിക്കപ്പെട്ടിരുന്നു.

ഗ്രീൻ കാർഡ് പ്രക്രിയയുടെ അവസാന ഘട്ടമായ ബയോമെട്രിക്സിന് എത്തിയപ്പോഴുണ്ടായ ദുരനുഭവം ഇളയ മകൾ ജ്യോതിയാണ് വിശദീകരിച്ചത്. അമ്മ ഓഫീസിന്റെ മുൻ ഡെസ്കിൽ നിൽക്കുമ്പോൾ രണ്ട് വാഹനങ്ങൾ എത്തുകയും ഒരുകൂട്ടം ഫെഡറൽ ഏജന്റുമാർ കെട്ടിടത്തിനകത്ത് പ്രവേശിക്കുകയും ചെയ്തു. ഏജന്റുമാർ ചെന്ന മുറിയിലേക്ക് ബബ്ബി കൗറിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നുവെന്ന് അറിയിച്ചു. അഭിഭാഷകനോട് സംസാരിക്കാൻ അനുവാദം ആവശ്യപ്പെട്ടെങ്കിലും എട്ട് മിനിറ്റ് മാത്രം ഫോൺ ചെയ്യാൻ കൊടുത്ത ശേഷം കസ്റ്റഡിയിലെടുത്തു. ബബ്ബി കൗറിനെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കുടുംബത്തെ വ്യക്തമായി അറിയിച്ചില്ലെന്ന് ജ്യോതി പറഞ്ഞു. സാൻ്റാ അനയിലേക്കോ ലോസ് ഏഞ്ചൽസിലേക്കോ ആകാമെന്ന് അവ്യക്തമായി പറഞ്ഞതോടെ കുടുംബം ആശങ്കയിലായി. കുറച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ലോസ് ഏഞ്ചൽസിലേക്ക് കൊണ്ടുപോയെന്ന് മനസ്സിലായത്.

Share Email
Top