സ്വന്തം കുടുംബത്തിന് നേരെ വധ ഭീഷണി, വീടിന് തീയിടാനും ശ്രമം; ടെക്സാസിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിൽ

സ്വന്തം കുടുംബത്തിന് നേരെ വധ ഭീഷണി, വീടിന് തീയിടാനും ശ്രമം; ടെക്സാസിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിൽ

അമേരിക്കയിലെ ടെക്സാസിൽ സ്വന്തം കുടുംബാംഗങ്ങളെ വധഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിലായി. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ സീനിയർ വിദ്യാർത്ഥിയായ മനോഹ് സായ് ലെല്ല (22) എന്ന യുവാവിനെയാണ് ഫ്രിസ്കോ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവാവ് കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ തന്നെയാണു പോലീസിനെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് വീട്ടുകാരെ വലിയ രീതിയിൽ ഭീതിയിലാക്കിയിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ, വീടിന് നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും യുവാവിനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അധികൃതർ അറിയിച്ചു.

Share Email
LATEST
More Articles
Top