ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രാ ടിക്കറ്റ് നിരക്കുകളിൽ നേരിയ വർധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ഈ മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. സാധാരണ യാത്രക്കാരെ, പ്രത്യേകിച്ച് ഹ്രസ്വദൂര യാത്രക്കാരെയും ദൈനംദിന യാത്രക്കാരെയും ബാധിക്കാത്ത വിധത്തിലാണ് നിരക്ക് പരിഷ്കരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ നിരക്കനുസരിച്ച്, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ അധികം ഈടാക്കും. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതം വർധനവുണ്ടാകും. 215 കിലോമീറ്ററിൽ താഴെയുള്ള ഓർഡിനറി യാത്രകൾക്കും സബർബൻ സർവീസുകൾക്കും പ്രതിമാസ സീസൺ ടിക്കറ്റുകൾക്കും നിരക്ക് വർധനയില്ല. ഉദാഹരണമായി, 500 കിലോമീറ്റർ നോൺ-എസി യാത്രയ്ക്ക് 10 രൂപ മാത്രം അധികം നൽകേണ്ടിവരും.
റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിച്ചതിനാലാണ് ഈ നിരക്ക് പരിഷ്കരണം. കഴിഞ്ഞ ദശകത്തിൽ റെയിൽവേ ശൃംഖല വിപുലീകരിക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്തതോടെ മാന്പവർ ചെലവ് ഉൾപ്പെടെയുള്ള വർധനവ് നേരിടേണ്ടിവന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറഞ്ഞ നിരക്ക് വർധനയാണിതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.













