ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടണില്‍ കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ ചര്‍ക്കി ദാദ്രി സ്വദേശിയും യുകെയില്‍ വിദ്യാര്‍ഥിയുമായ വിജയ് കുമാര്‍ ഷെറോണ്‍ (30)ആണ കൊല്ലപ്പെട്ടത്.ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററില്‍ വെച്ച് നവംബര്‍ 25 നായിരുന്നു സംഭവം. എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലെ ജോലി രാജിവെച്ച് ഉപരിപഠനത്തിന് യുകെയില്‍ എത്തിയായിരുന്നു വിജയ്കുമാര്‍.
കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ ബാര്‍ബോണ്‍ റോഡില്‍ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെയാണ് വിജയ് കുമാറിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ലീ ഹോള്‍ഹൗസ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായം തേടി കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
Indian student stabbed to death in Britain: The deceased was identified as Vijay Kumar, a native of Haryana













