അഞ്ചാം ദിവസവും ഇൻഡിഗോ പ്രതിസന്ധി, യാത്രക്കാരെ വട്ടംചുറ്റിച്ചതിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

അഞ്ചാം ദിവസവും ഇൻഡിഗോ പ്രതിസന്ധി, യാത്രക്കാരെ വട്ടംചുറ്റിച്ചതിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും വിമാനങ്ങൾ റദ്ദാക്കിയും വൈകിച്ചും യാത്രക്കാരെ കുടവച്ച ഇൻഡിഗോയുടെ പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചതാണ് ഇക്കാര്യം. എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താനും ഭാവിയിൽ ഇത്തരം പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാനുമാണ് അന്വേഷണം. ഡിജിസിഎയും പ്രത്യേക നാലംഗ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൈലറ്റുമാരുടെ പുതിയ വിശ്രമനിയമങ്ങൾ നടപ്പാക്കിയതോടെ ക്രൂ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇൻഡിഗോ വിശദീകരിക്കുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന എയർപോർട്ടുകളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി പ്രതിഷേധിച്ചു. ഇതേതുടർന്ന് ഡിസംബർ 5 മുതൽ 15 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ റദ്ദാക്കിയതും മാറ്റിവച്ചതുമായ എല്ലാ യാത്രകൾക്കും പൂർണ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ വാഗ്ദാനം ചെയ്തു.

എയർപോർട്ടുകളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഹോട്ടൽ താമസം, ഭക്ഷണം, കുടിവെള്ളം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും മുതിർന്ന പൗരന്മാർക്ക് സാധ്യമാകുന്നിടത്ത് ലോഞ്ച് ആക്സസ് നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ യാത്രക്കാരുടെ രോഷം ശമിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം കർശന നടപടിയുമായി രംഗത്തെത്തിയത്.

Share Email
LATEST
More Articles
Top