തിരുവനന്തപുരം: എ.എ റഹീം എംപിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരെ കാണാനാണ് റഹീം പോയതെന്നും അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ലെന്നും മന്ത്രി പരിഹസിച്ചു. റഹീമിനെതിരെ സൈബർ ആക്രമണം നടത്തുന്നവർ സ്വയം ലോക പണ്ഡിതന്മാരാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹീം ഒരു ഇംഗ്ലീഷ് അധ്യാപകനല്ല. അദ്ദേഹത്തിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തേണ്ടത്. ഒരു പണിയുമില്ലാത്തവരാണ് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നത്. ഇത്തരം അധിക്ഷേപങ്ങളെ താൻ ഗൗനിക്കാറില്ലെന്നും പണ്ട് ഇ.എം.എസിനെപ്പോലും ഇത്തരക്കാർ കളിയാക്കിയിരുന്നതായും മന്ത്രി ഓർമ്മിപ്പിച്ചു.













