അജു വരിക്കാട്
ലീഗ് സിറ്റി (ടെക്‌സാസ്): പ്രവാസി മലയാളി ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (LCMS) പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗ്രൗണ്ടില്‍ അരങ്ങേറിയ ‘വിന്റര്‍ ബെല്‍സ് 2025’ ജനപങ്കാളിത്തം കൊണ്ട് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളില്‍ ഒന്നായി മാറി.

ക്രിക്കറ്റ് ലോകത്തെ വിസ്മയം ശിവ്‌നരൈന്‍ ചന്ദര്‍പോള്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി അദ്ദേഹം സമാജത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക-നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വില്‍സണ്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സണ്‍ ചെറിയാന്‍, പ്രമുഖ നിയമവിദഗ്ദ്ധന്‍ ജോസ് എബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഭക്ഷണമേള എന്ന ഖ്യാതിയോടെ ഒരുക്കിയ ‘തട്ടുകട തെരുവ്’ ജനസാഗരത്തെ ആകര്‍ഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങള്‍ തത്സമയം തയ്യാറാക്കി നല്‍കിയപ്പോള്‍, ടെക്‌സാസിലെ മലയാളി മണ്ണില്‍ കേരളത്തിന്റെ ഗൃഹാതുരത്വം ഉണര്‍ന്നു. ഒരു മാസത്തെ കഠിനമായ പ്രയത്‌നമാണ് ഇത്രയും വിപുലമായ ഒരു ഭക്ഷണത്തെരുവ് ഒരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

റീവ റെജി, ജെഫിന്‍ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും, ലക്ഷ്മി മെസ്മിന്‍, രശ്മി നായര്‍, ജസ്റ്റിന്‍ തോമസ് എന്നിവര്‍ നയിച്ച ‘വിന്റര്‍ മെലഡി’ ഗാനനിശയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. നൂറുകണക്കിന് നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് ഒരുക്കിയ ഗ്രൗണ്ട് ഒരു കൊച്ചു കേരളത്തെ അനുസ്മരിപ്പിച്ചു. മഞ്ഞിലൂടെ സ്ലെയില്‍ (Sleigh) എത്തിയ സാന്താക്ലോസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശമായി.
ഷിബു ജോസഫ്, വിനേഷ് വിശ്വനാഥന്‍, സോജന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ദീപാലങ്കാരങ്ങളും, എമി ജെയ്‌സണ്‍, സാരംഗ് രാജേഷ്, റിജോ ജോര്‍ജ്, എലേന ടെല്‍സണ്‍ എന്നിവരുടെ കലാസംവിധാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രസിഡന്റ് ബിനീഷ് ജോസഫ്, സെക്രട്ടറി ഡോ. രാജ്കുമാര്‍ മേനോന്‍, കോര്‍ഡിനേറ്റര്‍ മാത്യു പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റല്‍, സൗത്ത് ഷോര്‍ ER എന്നിവരായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍.

അഭിമുഖം: പ്രസിഡന്റ് ബിനീഷ് ജോസഫുമായി സംസാരിച്ചപ്പോള്‍
പരിപാടിയുടെ വിജയത്തിന് പിന്നിലെ വിശേഷങ്ങള്‍ സമാജം പ്രസിഡന്റ് ബിനീഷ് ജോസഫ് പങ്കുവെക്കുന്നു:
ചോദ്യം: പത്താം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം ഇത്രയും ഗംഭീരമായതിനെ എങ്ങനെ കാണുന്നു?
ബിനീഷ് ജോസഫ്: തികഞ്ഞ അഭിമാനവും കൃതാര്‍ത്ഥതയും തോന്നുന്ന ഒരു നിമിഷമാണിത്. ഈ പത്താം വാര്‍ഷികം കേവലം ആഘോഷങ്ങള്‍ മാത്രമല്ല, ലീഗ് സിറ്റിയിലെ മലയാളികളുടെ കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും അടയാളമാണ്. ‘വിന്റര്‍ ബെല്‍സ് 2025’ ലൂടെ ഇത്രയും വലിയൊരു ജനക്കൂട്ടത്തെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധിച്ചത് ആ ഒരുമയുടെ വിജയമാണ്. എന്നോടൊപ്പം രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച എന്റെ കമ്മിറ്റി അംഗങ്ങളോടും വോളന്റിയര്‍മാരോടും എനിക്ക് വലിയ കടപ്പാടുണ്ട്. അവരുടെ കഠിനാധ്വാനമാണ് ഈ വിജയം.
ചോദ്യം: അമേരിക്കയിലെ ഏറ്റവും വലിയ തട്ടുകട തെരുവ് എന്ന വെല്ലുവിളി ഏറ്റെടുത്തതിനെക്കുറിച്ച്?
ബിനീഷ് ജോസഫ്: തീര്‍ച്ചയായും, ഇതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. വെറുമൊരു ഭക്ഷണശാല എന്നതിലുപരി കേരളത്തിലെ ഒരു ‘തട്ടുകട തെരുവ്’ അതിന്റെ പൂര്‍ണ്ണമായ ആവേശത്തോടെ അമേരിക്കയില്‍ പുനരാവിഷ്‌കരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ കുറേ മാസങ്ങളായി ഞങ്ങളുടെ കമ്മിറ്റി ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. 100-ലധികം വിഭവങ്ങള്‍ തത്സമയം ഉണ്ടാക്കി നല്‍കുക എന്നത് നിസ്സാരമല്ല. സമാജത്തിലെ ഓരോ അംഗവും ഒരു കുടുംബം പോലെയാണ് ഇതിനായി പ്രവര്‍ത്തിച്ചത്. രാജേഷ് ചന്ദ്രശേഖരന്‍, ബിജു ശിവാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു സംഘം തന്നെ ഇതിന്റെ പിന്നിലുണ്ട്. ലീഗ് സിറ്റിയിലെ മലയാളികളുടെയും ഞങ്ങളുടെ സ്‌പോണ്‍സര്‍മാരുടെയും വലിയ പിന്തുണയാണ് ഇത്തരം ഒരു സാഹസത്തിന് ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയത്. നാട്ടിലെ ആ ഒരു ‘നോസ്റ്റാള്‍ജിയ’ ഇവിടെയുള്ള മലയാളികള്‍ക്ക് സമ്മാനിക്കണമെന്ന വാശി ഞങ്ങളില്‍ ഉണ്ടായിരുന്നു.
ചോദ്യം: ശിവ്‌നരൈന്‍ ചന്ദര്‍പോളിനെ അതിഥിയായി ലഭിച്ചത് വലിയൊരു നേട്ടമാണല്ലോ?
ബിനീഷ് ജോസഫ്: അതൊരു വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായത് പോലെയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ശിവ്‌നരൈന്‍ ചന്ദര്‍പോള്‍ എന്നത് വെറുമൊരു പേരല്ല, ക്രിക്കറ്റ് ലോകത്തെ ഒരു അത്ഭുതമാണ്. അദ്ദേഹത്തെപ്പോലൊരു ലോകപ്രശസ്ത കായികതാരത്തെ ഞങ്ങളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാക്കാന്‍ കഴിഞ്ഞത് ലീഗ് സിറ്റി മലയാളി സമാജത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇത്രയും വലിയൊരു താരമായിട്ടും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്, മലയാളി സമൂഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ് എടുത്തു പറയേണ്ടതാണ്. അദ്ദേഹം വേദിയിലുണ്ടായിരുന്നത് ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഒരു പ്രത്യേക ഗാംഭീര്യം നല്‍കി.
ചോദ്യം: ഇതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വോളന്റിയര്‍മാരെക്കുറിച്ച്?
ബിനീഷ് ജോസഫ്: ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ എനിക്ക് വാക്കുകളേക്കാള്‍ കൂടുതല്‍ അഭിമാനമാണ് തോന്നുന്നത്. സമാജത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും, ഈ വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളുടെ കഠിനാധ്വാനികളായ വോളന്റിയര്‍മാരും കമ്മിറ്റി അംഗങ്ങളുമാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്വന്തം ജോലിയും കുടുംബകാര്യങ്ങളും മാറ്റിവെച്ചാണ് ഇവര്‍ ഇതിനായി ഇറങ്ങിത്തിരിച്ചത്. ഉറക്കമില്ലാത്ത രാത്രികള്‍ പലര്‍ക്കും ഉണ്ടായിരുന്നു. ‘തട്ടുകട തെരുവ്’ പോലെയുള്ള ഒരു ബൃഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നൂറിലധികം കൈകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഓരോ അംഗവും (രാജേഷ്, ബിജു, ബിജി, കൃഷ്ണരാജ്, ജോബിന്‍, ജിന്റോ, സുമേഷ്, ആന്റണി, മൊയ്തീന്‍, ഷോണി, തോമസ്) ഓരോ പടത്തലവന്മാരെപ്പോലെയാണ് തങ്ങള്‍ക്ക് നല്‍കിയ ചുമതലകള്‍ നിറവേറ്റിയത്. അവരുടെ അനുഭവസമ്പത്തും സംഘടനാ പാടവവുമാണ് ഈ പരിപാടിയെ ഇത്രയും ചിട്ടയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയത്. സത്യത്തില്‍ ഞങ്ങള്‍ ഇതൊരു സംഘടനയായിട്ടല്ല, ഒരു വലിയ കുടുംബമായിട്ടാണ് ചെയ്തത്. ഓരോ വോളന്റിയറും ഇത് തന്റെ വീട്ടിലെ കല്യാണമോ ആഘോഷമോ പോലെയാണ് കണ്ടത്. ആ ആത്മാര്‍ത്ഥതയാണ് ഇന്ന് നിങ്ങള്‍ കാണുന്ന ഈ ജനസാഗരവും വിജയവും.
Kerala enthusiasm on American soil; League City Malayali Samajam’s 10th anniversary celebrations get off to a brilliant start with ‘Winter Bells 2025’













