കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് താഴ്ന്ന കോടതി ജാമ്യം അനുവദിച്ചതെന്ന് പ്രോസിക്യൂഷൻ ഹർജിയിൽ ആരോപിക്കുന്നു. പ്രതി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം.
ഉപാധികളോടെ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ച കോടതി, പരാതിയിലെ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി പ്രഥമദൃഷ്ട്യാ കുറ്റകൃത്യവുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത് കേസിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്ന വിലയിരുത്തലിലാണ് സർക്കാർ അപ്പീൽ നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ പരാതി ഹൈക്കോടതി പരിഗണനയിലാണ്.
ആരോപണങ്ങൾ ഗൗരവതരമാണെങ്കിലും പൊലീസിന് നേരിട്ട് പരാതി നൽകാതെ കെപിസിസി പ്രസിഡന്റിന് നൽകിയ നടപടിയും കോടതി നിരീക്ഷിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ഈ ഉത്തരവിനെതിരെ ശക്തമായി വാദിക്കുമെന്നാണ് സൂചന.













