തിരുവനന്തപുരം : കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്‌കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. ‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പബ്ലിക്ക് ടോയലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. സർക്കാർ നിർമ്മിച്ച 1832 ‘ടേക്ക് എ ബ്രേക്ക്’ (Take a Break) കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ മിഷൻ നിശ്ചിത മാനദണ്ഡപ്രകാരം റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ക്ലൂ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇവയുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് റേറ്റ് ചെയ്യാൻ കഴിയുന്നതിലൂടെ ടോയലറ്റുകളുടെ ശുചിത്വ നിലവാരം എപ്പോഴും ഉറപ്പാക്കുന്നതിന് സാധിക്കും. സംസ്ഥാനത്തെ പ്രധാന നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകൾ എന്നിവയെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്.
ശുചിത്വത്തിന്റെ കാര്യത്തിൽ ദുഷ്‌കരമായ ഘട്ടം കേരളം മറികടന്നിരിക്കുകയാണ്. ബ്രഹ്‌മപുരത്തിന് ശേഷം മാലിന്യ സംസ്‌കരണ മേഖലയിൽ സംസ്ഥാനം നൽകിയ പ്രാധാന്യവും ജാഗ്രതയും ശ്രദ്ധേയമാണ്. വിപ്ലവകരമായ മാറ്റമാണ് തുടർന്ന് നടപ്പിലായത്. ഹരിതകർമ്മസേന വഴി അജൈവ മാലിന്യം ശേഖരിക്കുന്നത് 37 ശതമാനത്തിൽ നിന്നും 95 ശതമാനമായി ഉയർന്നു. മുനിസിപ്പൽ-പഞ്ചായത്ത് രാജ് നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ വഴി മാലിന്യം നൽകുന്നതും യൂസർ ഫീ അടക്കുന്നതും നിർബന്ധമാക്കി. മാലിന്യങ്ങൾ താൽക്കാലികമായി ശേഖരിക്കാനുള്ള മിനി എം.സി.എഫ് കേന്ദ്രങ്ങളുടെ എണ്ണം 7,000 – ത്തിൽ നിന്നും 21,000 – മായി വർദ്ധിപ്പിച്ചു.
സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി 20 ടൺ ശേഷിയുള്ള അഞ്ച് റീജണൽ പ്ലാന്റുകളുടെ നിർമ്മാണം ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇതിലൂടെ സാനിറ്ററി മാലിന്യങ്ങൾ പൂർണ്ണമായി സംസ്‌കരിക്കാനുള്ള ശേഷി സംസ്ഥാനം ഉടനടി കൈവരിക്കും. കൂടാതെ ഏഴ് വിവിധ കേന്ദ്രങ്ങളിലായി സി.ബി.ജി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ഇന്ധനമാക്കി മാറ്റാൻ 720 ടൺ ശേഷിയുള്ള 11 ആർ.ഡി.എഫ് പ്ലാന്റുകളും സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ സ്വാഗതം ആശംസിച്ചു. പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അറുമുഖം കാളിമുത്തു, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി ജയപാൽ തുടങ്ങിയവർ സന്നിഹിതരായി
യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’,മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ
December 23, 2025 10:32 pm













