തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കാൻ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം നടക്കുന്നത്.
പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതിന് പകരമായി നിലവിലെ ജോലി സമയത്തിൽ ഒരു മണിക്കൂർ വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. നേരത്തെ, ഭരണപരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ഈ ശുപാർശ മുന്നോട്ടുവെച്ചിരുന്നു. ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കുന്നതിനോട് സർവീസ് സംഘടനകൾക്ക് എതിർപ്പില്ലെന്നാണ് റിപ്പോർട്ട്.
എങ്കിലും, ഇതോടൊപ്പം പൊതു അവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ സർവീസ് സംഘടനകൾ ശക്തമായി എതിർക്കുന്നുണ്ട്. പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ അഭിപ്രായങ്ങൾ തേടുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.













