തൃശൂർ: കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ നടന്ന പോളിംഗ് ശാന്തമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 75 ശതമാനത്തിനു മുകളിൽ വോട്ടിംഗ് രേഖപ്പെടുത്തി. ക്യൂവിൽ നിന്നവർക്ക് ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അവസരം നൽകി. മറ്റന്നാൾ വോട്ടെണ്ണലോടെ ഫലം വ്യക്തമാകും.
ഏഴ് ജില്ലകളിലായി 1.53 കോടി വോട്ടർമാർക്കാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കാൻ അവസരമുണ്ടായിരുന്നത്. ഇതിൽ 80.92 ലക്ഷം സ്ത്രീകളും 72.47 ലക്ഷം പുരുഷന്മാരുമാണ്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,027 വാർഡുകൾ, 77 ബ്ലോക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകൾ, ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ 188 ഡിവിഷനുകളിലേക്കും 47 മുനിസിപ്പാലിറ്റികളിലെ 1,834 ഡിവിഷനുകളിലേക്കുമുള്ള മത്സരത്തിലും ജനങ്ങൾ സജീവമായി പങ്കെടുത്തു. ആകെ 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്, ഇതിൽ 20,020 പേർ സ്ത്രീകളാണ്. ഉയർന്ന പോളിംഗ് രാഷ്ട്രീയ മുന്നണികൾക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.













