തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിപ്പിച്ചു. നിലവിൽ 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായാണ് ഉയർത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. പെൻഷൻകാരുടെ പ്രീമിയം തുക പ്രതിമാസ പെൻഷനിൽ നിന്ന് നേരിട്ട് ഈടാക്കും. വർധിപ്പിച്ച പ്രീമിയത്തിന് ആനുപാതികമായി ഇൻഷുറൻസ് പരിരക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഇതിന് പുറമെ കാൽമുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തിയത് ഗുണഭോക്താക്കൾക്ക് ആശ്വാസകരമാണ്. പോളിസി കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ചികിത്സാ നടപടികൾ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചെങ്കിലും പ്രീമിയം തുകയിലുണ്ടായ ഗണ്യമായ വർധനവ് ജീവനക്കാർക്കും പെൻഷൻകാർക്കും സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.













