തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി പ്രിയദർശിനി വിജയിച്ചു. 15 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗവും സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗവുമായ പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അവർ ഔദ്യോഗികമായി ചുമതലയേറ്റു.
യുഡിഎഫ് സ്ഥാനാർത്ഥി ആഗ്നസ് റാണി പരാജയപ്പെട്ടു. വെങ്ങാനൂർ ഡിവിഷനിൽ നിന്നുള്ള അംഗമായ ആഗ്നസ് റാണിയെ മുൻനിർത്തി അധ്യക്ഷ പദവി പിടിക്കാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും 13 സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ വർദ്ധിപ്പിക്കാൻ സാധിച്ചെങ്കിലും ഭരണം നേടാൻ യുഡിഎഫിന് കഴിഞ്ഞില്ല. എൻഡിഎയ്ക്ക് ജില്ലാ പഞ്ചായത്തിൽ ഒരിടത്തും വിജയിക്കാനായില്ല.













