എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്, എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ ഒരു അത്യാധുനിക മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് ഫെസിലിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ഇതിനു വേണ്ടിയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടുകയാണ് ‘ടീം ഹാര്‍മണി’യുടെ ലക്ഷ്യമെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും പ്രമുഖ സംഘാടകനുമായ ചാക്കോ തോമസ് പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്കായി സമൂഹത്തില്‍ വിവധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അംഗീകാരം നേടിയവരെയും ഉള്‍പ്പെടുത്തി ഒരു സ്ഥിരം കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുമെന്ന് ചാക്കോ തോമസ് വ്യക്തമാക്കുന്നു.
മാഗിന്റെ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ച് ജനസമ്മിതി നേടിയിട്ടുള്ള ചാക്കോ തോമസ് ഹൂസ്റ്റണിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ ട്രസ്റ്റിയായിരിക്കെ 25,000 സ്‌ക്വയര്‍ ഫീറ്റുള്ള വിശാലമായ കമ്മ്യൂണിറ്റി സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയ അനുഭവ സമ്പത്തുമായാണ് മാഗിന്റെ പ്രസ്തുത ഡ്രീം പ്രോജക്ട് വിഭാവനം ചെയ്യുന്നത്. രണ്ടരയേക്കര്‍ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും സ്വന്തമായുള്ള മാഗിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വികസന നയങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലുള്ള ‘ടീം ഹാര്‍മണി’യുടെ വിജയ പ്രതീക്ഷ 100 ശതമാനമാണെന്നും ഇച്ഛാശക്തിയും ആര്‍ജവവും ദീര്‍ഘവീക്ഷണവുമുള്ളവരാണ് തന്റെ പാനലിലുള്ളവരെന്നും ചാക്കോ തോമസ് ചൂണ്ടിക്കാട്ടുന്നു.

1992-ല്‍ മാഗില്‍ ലൈഫ് മെമ്പറായതുമുതല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ചാക്കോ തോമസ്. കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹം 32 വര്‍ഷമായി അമേരിക്കയില്‍ എത്തിയിട്ട്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം പ്രശസ്തമായ ഒരു ഫിനാന്‍സ് കമ്പനിയുടെ റീജിയണല്‍ മാനേജരായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെത്തിയ ശേഷം, ഇപ്പോള്‍ യുണൈറ്റഡായി മാറിയ കോണ്ടിനന്റല്‍ എയര്‍ലൈന്‍സില്‍ 15 വര്‍ഷം ജോലിചെയ്തു. 9/11-നെ തുടര്‍ന്ന് കമ്പനി ലേ ഓഫായതോടെ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ മുവുവന്‍ സമയം ശ്രദ്ധകേന്ദ്രീകരിച്ച ചാക്കോ തോമസ് ഹൂസ്റ്റണിലെ റ്റി.സി ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് എല്‍.എല്‍സിയുടെ സി.ഇ.ഒ ആണ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍, ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളില്‍ തിളങ്ങിയ ചാക്കോ തോമസ് 1992-മുതല്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചില്‍ സജീവമാണ്. മലങ്കര അസോസിയേഷന്‍ അംഗം, സഭാ കൗണ്‍സില്‍ അംഗം എന്നീ നിലകലില്‍ സമുദായ രംഗത്തും സേവനമുഷ്ഠിച്ച ചാക്കോ തോമസ് 2010, 11, 12 വര്‍ഷങ്ങളില്‍ മാഗ് സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ ഹൂസ്റ്റണ്‍ മലയാളി സഹൂഹത്തിലെ ബിസിനസ് സംരംഭകരുടെ ഏക സംഘടനയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടിറിയാണ്. കഴിഞ്ഞ 13 വര്‍ഷമായി ബിസിനസുകാരുടെയും വ്യവസായികളുടെയും ക്ഷേമത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം ജീവകാരുണ്യ രംഗത്ത് കൃത്യമായ സാമൂഹിക ഇടപെടലുകളും നടത്തുന്ന ചേംബറിനുവേണ്ടി ചാക്കോ തോമസിന്റെ നേതൃത്വത്തില്‍ ധനശേഖരണ കാമ്പെയ്‌നുകള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.
വരുന്ന 13-ന് മാഗിന്റെ വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അനുഭവ ജ്ഞാനവും സമര്‍പ്പണ മനോഭാവവും ഉള്‍കാഴ്ചയും സത്യസന്ധതയും പക്വതയും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തിണങ്ങിയ ടീം ഹാര്‍മണിയുടെ ചുക്കാന്‍ പിടിക്കുന്ന, ഹൂസ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റിയിലെ സാംസ്‌കാരിക മുഖമായ ചാക്കോ തോമസ് നേര്‍കാഴ്ചയോട് മനസു തുറന്നു. സംഭഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…
? എന്താണ് ‘ടീം ഹാര്‍മണി’യുടെ നയവും നിലപാടുകളും…
- ഇച്ഛാശക്തിയോടും ദീര്‍ഘവീക്ഷണത്തോടും അര്‍പ്പണബോധത്തോടും കൂടി മാഗ് എന്ന ബൃഹത്തായ സംഘടനയെ നയിക്കണം. അമേരിക്കയില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള ഏറ്റവും വലിയ മലയാളി സംഘടനയാണ് മാഗ് എന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഈ തലമുറയ്ക്കും വരുന്ന തലമുറയ്ക്കും ഒരുപോലെ ഒത്തുചേര്‍ന്ന ആശയവിനിമയം നടത്താനും വിനോദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനും പറ്റുന്ന വിധത്തിലുള്ള ആധുനിക സംവിധാനങ്ങള്‍ സമയോചിതമായി ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. അതിന് കര്‍മ്മനിരതമായ ഒരു ഡയറക്ടര്‍ ബോര്‍ഡ് ആവശ്യമാണ്. ടീം ഹാര്‍മണി ആ ബോധത്തോടുകൂടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
? ടീമിന്റെ പ്ലാനിനെ കുറിച്ച്…
- എല്ലാ വിഭാഗത്തിലു പെട്ട മികച്ച വ്യക്തിത്വങ്ങള്‍ ഉള്‍പ്പെട്ടതാണ് ‘ടീം ഹാര്‍മണി’. ഒരു വര്‍ഷം എന്ന കാലാവധിക്കുള്ളില്‍ നിന്നുകൊണ്ട് ഒന്നും കാര്യമായി ചെയ്യാന്‍ സാധിക്കില്ലെങ്കിലും നമ്മുടെ ആത്യന്തിക ലക്ഷ്യം നേടുന്നതിനുള്ള രൂപരേഖയുണ്ടാക്കാനും അതിനനുസരിച്ച് തുടര്‍ന്ന് വരുന്ന ഭരണ സമിതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടമുണ്ടാവുകയും വേണം.
? യൂത്തിനെ വിശ്വാസത്തിലെടുക്കാന്‍…
- അടുത്ത കാലത്തായി നാട്ടില്‍ നിന്നും ഇമിഗ്രന്റ്‌സായി ഇവിടെയെത്തിയ യുവജനങ്ങളുടെ കുട്ടികളെ പ്രോല്‍സാഹിപ്പിക്കാനും അവര്‍ക്ക് യഥേഷ്ടം മാഗിന്റെ ആസ്ഥാനത്തെത്തി വിവിധ ആക്ടിവിറ്റികളില്‍ മുഴുകാനുമുള്ള ഫെസിലിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തില്‍ത്തന്നെ നടത്തിയെടുക്കണമെന്നാണ് അതിയായ ആഗ്രഹം. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് മികവുറ്റവര്‍ ഉള്‍പ്പെടുന്ന ‘ടീം ഹാര്‍മണി’ രംഗത്തുള്ളത്. ഭാവനാപൂര്‍ണമായ മികച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രിയപ്പെട്ട ഏവരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് മനസാ ആഗ്രഹിക്കുന്നു.
? എന്താണ് മാഗിലെ മുന്‍കാല പ്രവര്‍ത്തന പാരമ്പര്യം…
- മാഗിന്റെ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സംഘടനയുടെ കടബാധ്യത തീര്‍ക്കുന്നതിന് കാര്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ആ വിഷമഘട്ടത്തില്‍ ബോര്‍ഡിലുള്ള വ്യക്തികളില്‍ നിന്ന് പണം സ്വരൂപിച്ചാണ് മാസം തോറുമുള്ള മോര്‍ട് ഗേജ് അടക്കമുള്ള പേയ്‌മെന്റ് നടത്തിയത്. എന്റെ പ്രവര്‍ത്ത കാലാവധി തീരുമ്പോള്‍ വളരെ കുറച്ച് തുകയുടെ കടം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. തുടര്‍ന്നു വന്ന ഭരണസമിതി അത് അടച്ച് തീര്‍ക്കുകയും ചെയ്തു. ഞാന്‍ സെക്രട്ടറിയും ട്രഷററുമായിരുന്ന സമയത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാലിപ്പോള്‍ അതിനി വ്യത്യാസം വന്നിരിക്കുന്നു ഒരു വിഭാഗം ആളുകളുടെ താത്പര്യം മാത്രം കണക്കിലെടുത്ത് മാഗിനെ കൊണ്ടു പോകാനുള്ള പ്രവണത കണ്ടു വരുന്നു. അതിന് തീര്‍ച്ചയായ ഒരു മാറ്റം ഉണ്ടാവണം.
? ഒരു വര്‍ഷക്കാലാവധി തീര്‍ത്തും അപര്യാപ്തമല്ലേ…
- തീര്‍ച്ചയായും. ചുരുങ്ങിയ സമയം കൊണ്ട് വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പരിമിതി ഉണ്ട്. പക്ഷേ, നമ്മുടെ സ്വപ്ന പദ്ധതിയായ സ്‌പോര്‍ട്‌സ് ഫെസിലിറ്റിക്ക് ശുഭകരമായ തുടക്കം കുറിക്കാന്‍ സാധിക്കും. അടുത്ത ഒരു അഞ്ചു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ സാധിക്കുന്ന പദ്ധതിക്ക് തുടക്കമിടാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ആബാലവൃദ്ധം ജനങ്ങളുടെയും ആഗ്രഹം സഫലമാക്കാനുള്ള ഒരു ഫെസിലിറ്റി ആയിരിക്കുമിത്. വിവിധ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ ഒരേ സമയം നടത്തിക്കൊണ്ടു പോകുന്നതിനുള്ള കോര്‍ട്ടും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പ്രോജക്ട്. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ടെന്നീസ്, ടേബിള്‍ ടെന്നീസ് തുടങ്ങി എല്ലാവിധ കായിക ഇനങ്ങള്‍ക്കുമുള്ള അത്യാധുനിക സങ്കേതമായിരിക്കുമിത്.
? ഇത് എപ്രകാരം യാഥാര്‍ത്ഥ്യമാകും…
- നിലവിലുള്ള കടബാധ്യത തീര്‍ക്കേണ്ടതായിട്ടുണ്ട്. അത് അടച്ച് തീര്‍ക്കുന്നതിനൊപ്പം തന്നെ നേരത്തേ സൂചിപ്പിച്ച പഞ്ചവത്സര പദ്ധതിക്കുള്ള രൂപരേഖ ഉണ്ടാക്കണം. ഇതിന് ആര്‍ജ്ജവമുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ പിന്തുണയും പ്രാഗത്ഭ്യവും ആവശ്യമാണ്. ധനസമാഹരണത്തിനും തുടക്കം കുറിക്കണം. ഇതെല്ലാം ഭംഗിയായി നടക്കുമെന്ന് തന്നെയാണ് ഈ ഹാര്‍മണിയുടെ ശുഭപ്രതീക്ഷ.
? ഒരു വര്‍ഷം കഴിയുമ്പോള്‍ ഭരണസമിതി മാറുമല്ലോ. അപ്പോള്‍ ഈ പദ്ധതിയുടെ ഭാവി എന്താകും…
- സ്‌പോര്‍ട്‌സ് ഫെസിലിറ്റി പ്രോഗ്രാമിനു വേണ്ടി അഞ്ചു വര്‍ഷത്തേയ്ക്ക് ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തും. ഓരോ വര്‍ഷം പുതിയ ഭരണസമിതി വരുമ്പോഴും ഈ കമ്മറ്റി അതുപോലെ നിലനില്‍ക്കും. അവര്‍ അതാത് ഭരണസമിതിയോടും ഡയറക്ടര്‍ ബോര്‍ഡിനോടും ട്രസ്റ്റി ബോര്‍ഡിനോടും ചേര്‍ന്ന് നിന്നുകൊണ്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി മുന്നോട്ടു പോകും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും സമൂഹത്തില്‍ അംഗീകാരം നേടിയവരെയും വിദഗ്ധരായവരെയുമൊക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും സ്ഥിരം കമ്മിറ്റി രൂപീകരിക്കുക.
? പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ താങ്കളുടെ അനുഭവ പരിചയത്തെ കുറിച്ച്…
- ഹൂസ്റ്റണിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ 25,000 സ്‌ക്വയര്‍ വിസ്തൃതിയുള്ള ഒരു കമ്മ്യൂണിറ്റി സെന്റര്‍ ഞാന്‍ ട്രസ്റ്റി ആയിരിക്കെ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. കമ്മ്യൂണിറ്റിയുടെയും ബാങ്ക് ലോണിന്റെയും ഒക്കെ പിന്‍ബലത്തില്‍ നാല് മില്ല്യണ്‍ ഡോളറിന്റെ ഈ വലിയ പദ്ധതി നടത്തിയെടുക്കാന്‍ കഴിഞ്ഞത് ഒരു വലിയ അനുഭവം തന്നെയാണ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ് മാഗിന്റെ ഡ്രീം പ്രോജക്ടും വിഭാവനം ചെയ്യുന്നത്.
? വിജയ പ്രതീക്ഷ…
- അത് നൂറ് ശതമാനമാണ്. ‘ടീം ഹാര്‍മണി’യെ സമൂഹം മനസ്സിലാക്കുന്നു. ആ തിരിച്ചറിവ് വോട്ടായി മാറും. ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.
അതേ, ഹൂസ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റിയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് യുവാക്കളെയും വനിതകളെയും വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിക്കാണ്ടുള്ള ‘ടീം ഹാര്‍മണി’യുടെ പ്രചാരണക്കുതിപ്പ്. മൂന്ന് പതിറ്റാണ്ടിലേറെയായി താന്‍ അഭിമാനത്തോടെ സേവിക്കുന്ന മാഗിന്റെ സാരത്ഥ്യത്തിലേയ്ക്ക് ചാക്കോ തോമസിനും ടീമിനും ഇനി അധിക ദൂരമില്ല. കാരണം പേര് സൂചിപ്പിക്കുന്നതുപോലെ സ്വരൈക്യവും മനപ്പൊരുത്തവുമാണ് ഈ പാനലിന്റെ മുഖമുദ്ര.
***
‘ടീം ഹാര്‍മണി’ ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്കും പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന മാനിഫെസ്റ്റോ അവതരിപ്പിക്കുന്നു. അക്കമിട്ട് നിരത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം സമഗ്ര വികസനത്തിലൂന്നിയുള്ളതാണെന്നും അവയെല്ലാം സമയബന്ധിതമായി തന്നെ നടപ്പാക്കുമെന്നും ‘ടീം ഹാര്‍മണി’യെ നയിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചാക്കോ തോമസ് വ്യക്തമാക്കി.
‘ടീം ഹാര്‍മണി’യുടെ മാനിഫെസ്റ്റോ:
- മാഗിന്റെ വികസന പദ്ധതി. അത്യാധുനിക മള്‍ട്ടി പര്‍പ്പസ് സ്‌പോര്‍ട്‌സ് ഫെസിലിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കും. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്കായുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടും. സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അംഗീകാരം നേടിയവരെയും ഉള്‍പ്പെടുത്തി ഒരു സ്ഥിരം കമ്മിറ്റി രൂപീകരിക്കും.
- യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍. സ്‌പോര്‍ട്‌സ്, കലാ സാംസ്‌കാരിക, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് എന്നിവ ശക്തിപ്പെടുത്തല്‍. പുതിയ സ്‌പോര്‍ട്‌സ് ലീഗുകളും വാര്‍ഷിക യുവജന പ്രതിഭാ വേദികളും.
- മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മാനസിക ഉല്ലാസ യാത്രകള്‍. സാഹിത്യ സദസ്സുകള്‍, സൗഹൃദ സംവാദങ്ങള്‍.
- സാംസ്‌കാരിക ഐക്യം. കൂടുതല്‍ സാംസ്‌കാരിക പരിപാടികള്‍. കേരളത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍. വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ആഘോഷങ്ങള്‍.
- ശക്തമായ കമ്മ്യൂണിറ്റി & കമ്മ്യൂണിക്കേഷന്‍. മാഗ് വാര്‍ത്തകളും അപ്‌ഡേറ്റുകളും സമയബന്ധിതമായി എല്ലാ അംഗങ്ങള്‍ക്കും. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കല്‍.
- വെല്‍നസ് പരിപാടികള്‍. കുട്ടികളുടെ സ്വഭാവ വിപുലീകരണത്തിനുള്ള കര്‍മ്മ പരിപാടികള്‍. സ്‌കോളര്‍ഷിപ്പുകള്‍. ബുക്ക് റീഡിങ്. ടാലന്റ് ഷോകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ട്രെയിനിംഗ്. ആരോഗ്യ വെല്‍നസ് ക്യാമ്പുകള്‍, ഫിറ്റ്‌നസ് ഇവന്റുകള്‍, വനിതാ, യുവ സ്‌പെഷല്‍ പ്രോഗ്രാമുകള്‍.
- മെമ്പര്‍ഷിപ്പ് കാമ്പയിന്‍. ഏകദേശം 20,000 ത്തോളം മലയാളി കുടുബങ്ങള്‍ ഉള്ള ഹൂസ്റ്റണില്‍ മാഗില്‍ മിനിമം 25 ശതമാനം അംഗത്വം ഉറപ്പാക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍.
- വ്യക്തതയും ഉത്തരവാദിത്വവും. എല്ലാ തീരുമാനങ്ങളും തുറന്ന മനസ്സോടെ, അംഗങ്ങള്‍ക്ക് മുന്നില്‍ വ്യക്തതയോടെ. ധനകാര്യ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനങ്ങളും അംഗങ്ങള്‍ക്ക് നിരന്തരം ലഭ്യമാക്കല്‍.
- സ്വാന്തനം. വിദഗ്ധരും പരിചയ സമ്പന്നരും ആയവരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ സഹായവും മെഡിക്കല്‍ ക്യാമ്പും.
- സഹായം. ഹൂസ്റ്റണിലേക്ക് വരുന്ന പുതിയ മലയാളി സമൂഹത്തിന് തൊഴില്‍, പാര്‍പ്പിട സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന സഹായം.
- മാനവികം. കേരളത്തിലും അമേരിക്കയിലും അര്‍ഹരായവര്‍ക്കുള്ള ചികിത്സ സഹായ ഹസ്തങ്ങള്‍, കാരുണ്യ പദ്ധതികള്‍.
- സമത്വവും മാന്യതയും. വിഭാഗീയതയില്ലാതെ എല്ലാവര്‍ക്കും സമാന അവസരങ്ങള്‍. ബഹുമാനം, സൗഹാര്‍ദ്ദം, കരുതല്‍ ഇവ ഓരോ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍.
- ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മറ്റു പ്രാദേശിക അസോസിയേഷനുകളുമായി അണിചേര്‍ന്ന് അവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കും.
- പേര് സൂചിപ്പിക്കുന്നതുപോലെ സ്വരൈക്യവും മനപ്പൊരുത്തവുമാണ് ഈ പാനലിന്റെ മുഖമുദ്ര. ഇതിലൊക്കെ ഉപരി വിഭാഗീയതകളില്ലാത്ത, സൗഹാര്‍ദ്ദപരമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ പാനല്‍ തന്നെയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും മുഖ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനം. ദയവായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി ഞങ്ങളുടെ പാനലിനെ വിജയിപ്പിക്കണമെന്ന് വിനയപൂര്‍വം അഭ്യത്ഥിക്കുന്നു.
MAGH election: Team Harmony heading in front with a multi faceted manifesto













