മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ തിരുവനന്തപുരം അമരവിള സ്വദേശിയും സിഎസ്ഐ വൈദികനുമായ ഫാദർ ജെ.എൽ. സുധീറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ഭാര്യ ജാസ്മിൻ ഉൾപ്പെടെ മറ്റ് 11 പേർക്കും ജാമ്യം അനുവദിച്ചു. അമരാവതി ജില്ലയിലെ വറൂദ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള പ്രാർഥനാ യോഗത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
അമരാവതി ജില്ലയിലെ ഷിംഗോരിയിൽ ഒരു വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് സംഭവം. ബജ്റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തന ആരോപണം ഉന്നയിച്ച് തടഞ്ഞുവെച്ചു. തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നാഗ്പൂർ മിഷനിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഫാദർ സുധീറിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിഎസ്ഐ സഭാ നേതൃത്വം ആരോപിച്ചു.
കേസിൽ ജാമ്യം ലഭിച്ചതോടെ പ്രതികൾക്ക് ആശ്വാസമായി. എന്നാൽ സമാന ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നത് ന്യൂനപക്ഷ സമൂഹത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സിഎസ്ഐ സഭ ഇവർക്ക് നിയമസഹായം ഉൾപ്പെടെ നൽകുന്നുണ്ട്. സംഭവം കേരളത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.













