കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ആരോപണവുമായി ബന്ധപ്പെട്ട ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. അബ്രഹാമിനൊപ്പം മുഖ്യമന്ത്രിക്കും ഇഡി നോട്ടീസയച്ച പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ കിഫ്ബിയുടെ ഹർജിയിൽ നോട്ടീസിന്മേലുള്ള തുടർനടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജി നാളെ പരിഗണിക്കും.
2019-ൽ മസാല ബോണ്ട് വഴി സമാഹരിച്ച തുകയിൽനിന്ന് 466.92 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് ഉപയോഗിച്ചത് ഫെമ നിയമലംഘനമാണെന്നാണ് ഇഡി കണ്ടെത്തൽ. നവംബർ 28-ന് മുഖ്യമന്ത്രി, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ എന്നിവർക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കലാണെന്നായിരുന്നു കിഫ്ബിയുടെ നിലപാട്.
ഇഡി റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ നാല് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് കോടതി നോട്ടീസയച്ചു. മറുപടി ലഭിച്ചശേഷം കേസിൽ തുടർവാദം കേൾക്കും. മുഖ്യമന്ത്രിയുടെ ഹർജി കേസിന്റെ ഗതി നിർണയിക്കുന്നതാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.












