നാവികസേന ദിനാചരണം: തിരുവനന്തപുരം ഒരുങ്ങി, രാഷ്ട്രപതി എത്തുന്നു, ഇന്ത്യൻ നേവിയുടെ ശക്തി പ്രകടമായി കപ്പലുകളും വിമാനങ്ങളും അന്തർവാഹിനികളും അണിനിരക്കും

നാവികസേന ദിനാചരണം: തിരുവനന്തപുരം ഒരുങ്ങി, രാഷ്ട്രപതി എത്തുന്നു, ഇന്ത്യൻ  നേവിയുടെ ശക്തി പ്രകടമായി കപ്പലുകളും വിമാനങ്ങളും അന്തർവാഹിനികളും അണിനിരക്കും

തിരുവനന്തപുരം: നാവിക സേനാ ദിനാചരണത്തിന്റെ ഭാഗമായി നാളെ (ഡിസംബർ 3ന്) ശംഖുമുഖത്ത് നടത്തുന്ന നാവിക അഭ്യാസ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യാതിഥിയായി പ്രസിഡൻ്റ് ദ്രൌപതി മുർമുവും എത്തുന്നുണ്ട്.

കപ്പലുകൾ, വിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവയുടെ പ്രകടനത്തിലൂടെ നാവികസേനയുടെ മികവ് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ നാവികസേനയുടെ വിവിധ മേഖലകളിലെ പ്രവർത്തന ശേഷികൾ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന ഈ പരിപാടിയിൽ 46,000-ത്തിലധികം കാണികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാവികസേനാ ദിനമായ 4ന് നടക്കേണ്ട അഭ്യാസ പ്രകടനങ്ങളാണ് രാഷ്ട്രപതിയുടെ സൗകര്യാർഥം ഒരു ദിവസം മുൻപു നടത്തുന്നത്. 3ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയോടൊപ്പം പവിലിയനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് ദിനേഷ് കെ.ത്രിപാഠി, ദക്ഷിണ നാവികസേന കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന എന്നിവരുമുണ്ടാകും.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. പൊതുജനങ്ങൾക്കായി 8000 പേരെ ഉൾക്കൊള്ളാവുന്ന പവിലിയൻ സജ്ജീകരിച്ചിട്ടുണ്ട്..

നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത്, രാജ്യം തദ്ദേശീയമായി ആദ്യം നിർമിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ മാതൃക സ്ഥാപിച്ചു. ശംഖുംമുഖത്ത് ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വളരുന്ന സമുദ്ര ശക്തിയും സ്വാശ്രയത്വവും പ്രതിഫലിപ്പിക്കുന്ന ഈ പരിപാടി നാവികസേനയുടെ പോരാട്ട ശേഷികൾ, സാങ്കേതിക പുരോഗതികൾ, പ്രവർത്തന സന്നദ്ധത എന്നിവ എടുത്തുകാണിക്കും.

Navy Day Celebrations at Thiruvananthapuram

Share Email
LATEST
More Articles
Top