ടെൽ അവീവ്: തനിക്കെതിരെയുള്ള അഴിമതിക്കേസിൽ രാജ്യത്തെ പ്രസിഡന്‍റിനോട് മാപ്പ് അഭ്യർത്ഥിച്ചതിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച ആദ്യമായി കോടതിയിൽ ഹാജരായി. നെതന്യാഹുവിന്‍റെ ഈ നീക്കത്തിന് അടുത്ത സഖ്യകക്ഷിയായ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ പിന്തുണയുമുണ്ട്. എന്നാൽ, നെതന്യാഹുവിൻ്റെ മാപ്പ് അഭ്യർത്ഥനക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നു. ചിലർ മാപ്പ് നൽകണമെങ്കിൽ അദ്ദേഹം രാഷ്ട്രീയം വിടുകയും കുറ്റം സമ്മതിക്കുകയും വേണമെന്ന് വാദിച്ചു.
മറ്റു ചിലർ, മാപ്പ് അപേക്ഷിക്കുന്നതിന് മുമ്പ് 2026 ഒക്ടോബറിൽ നടക്കേണ്ട ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തൻ്റെ അഭിപ്രായം വ്യക്തമാക്കി. “ഇസ്രായേലിനെ ഈ കുഴപ്പത്തിൽ നിന്ന് കരകയറ്റാൻ നെതന്യാഹു രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ സമ്മതിക്കുകയാണെങ്കിൽ, വിചാരണ അവസാനിപ്പിക്കുന്നതിനെ താൻ പിന്തുണയ്ക്കും.” – അവര്‍ പറഞ്ഞു
“ഇങ്ങനെയാണെങ്കിൽ, നമുക്ക് ഈ പ്രശ്നം മറികടന്ന്, ഒന്നിച്ചുനിന്ന് രാജ്യത്തെ പുനർനിർമ്മിക്കാൻ കഴിയും,” 2021-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് നെതന്യാഹുവിനെ പുറത്താക്കി സഖ്യസർക്കാരിനെ നയിച്ച ബെന്നറ്റ് പറഞ്ഞു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നെതന്യാഹു വീണ്ടും അധികാരത്തിലെത്തിയത്. നെതന്യാഹു സ്ഥാനമൊഴിഞ്ഞാൽ അടുത്ത സർക്കാരിനെ നയിക്കാൻ ഏറ്റവും സാധ്യതയുള്ള വ്യക്തി ബെന്നറ്റാണെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു.











