ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തനിക്കെതിരായ അഴിമതിക്കേസുകളിൽ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിന് കത്ത് നൽകി. 2019-ൽ ഫയൽ ചെയ്ത മൂന്ന് കേസുകളിലാണ് നെതന്യാഹു മാപ്പപേക്ഷ സമർപ്പിച്ചത്. ആറ് വർഷത്തോളമായി തുടരുന്ന വിചാരണ ഇനിയും വർഷങ്ങളോളം നീണ്ടുപോകുമെന്നും, സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ താൽപ്പര്യവും കണക്കിലെടുത്ത് കേസുകൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിശദീകരിച്ചു.
സമ്പന്നരായ വ്യവസായികൾക്ക് നികുതിയിളവ് ഉൾപ്പെടെയുള്ള രാഷ്ട്രീയപരമായ ആനുകൂല്യങ്ങൾ നൽകിയതിന് പകരമായി ആഡംബര വസ്തുക്കൾ, ആഭരണങ്ങൾ, ഷാംപെയ്ൻ, സിഗരറ്റുകൾ എന്നിവ നെതന്യാഹുവും ഭാര്യ സാറയും കൈപ്പറ്റിയെന്നതാണ് ഒരു കേസ്. കൂടാതെ, അനുകൂല വാർത്തകൾക്കായി മാധ്യമങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ട് സ്ഥാപിച്ചു എന്നതാണ് മറ്റ് രണ്ട് കേസുകൾ. അനുകൂല വാർത്തകൾ നൽകണമെന്ന വ്യവസ്ഥയിൽ ഇസ്രായേൽ പത്രമായ ‘യെദിയോത്ത് അഹ്റോനോത്തി’ന്റെ ഓഹരി പങ്കാളിയും വ്യവസായിയുമായ ആരോൺ മോസസുമായി കരാറുണ്ടാക്കിയെന്നും, ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ബെസഖിന് സാമ്പത്തിക നേട്ടത്തിനായി നിയമങ്ങൾ നിർമ്മിച്ചുവെന്നുമാണ് പ്രധാന ആരോപണങ്ങൾ.
അതേസമയം, കുറ്റസമ്മതമോ പശ്ചാത്താപമോ ഇല്ലാതെ, രാഷ്ട്രീയം ഉപേക്ഷിക്കാതെ നെതന്യാഹുവിന് മാപ്പ് നൽകാനാവില്ലെന്ന് പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് യായർ ലാപിഡ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മാപ്പപേക്ഷ ലഭിച്ച കാര്യം പ്രസിഡന്റ് ഹെർസോഗിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അസാധാരണമായ ഈ അപേക്ഷയിൽ വിദഗ്ധോപദേശം സ്വീകരിച്ച ശേഷം മാത്രമേ പ്രസിഡന്റ് തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.












